ടിക്ക് ടോക്ക് ഉപഭോക്താക്കൾക്ക് പണം നൽകാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള റീലില്‍ ചേരുന്നതിനായാണ് ടിക്ക് ടോക്ക് ഉപഭോക്താക്കൾക്ക് ഫേസ്ബുക്ക് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടിക് ടോക്ക് ഉപഭോക്താക്കൾക്കായാണ് ഫേസ്ബുക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക്കിനെ നിരോധിക്കാന്‍ യു.എസ് ഗവൺമെന്റ് തയ്യാറെടുക്കുമ്പോഴാണ് ടിക്ക് ടോക്ക് ഉപഭോക്താക്കൾക്കായി ഫേസ്ബുക്കിന്റെ ഈ ഗ്രാന്‍ഡ് ഓഫര്‍. നേരത്തെ ഇന്ത്യയില്‍ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു.
ഫേസ്ബുക്ക് അതിന്റെ പുതിയ ചെറു വിഡിയോ നിര്‍മാണ സേവനമായ റീല്‍സ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ യു.എസില്‍ ടിക്ക് ടോക്ക് നിരോധനം വന്നാല്‍ റീല്‍സ് രക്ഷപ്പെടും. അതിനാൽ തന്നെ വലിയ ഫോളോവേഴ്സുളള ടിക് ടോക്ക് സൃഷ്ടാക്കളോട് ഫേസ്ബുക്ക് റീലുകൾക്കായി വിഡിയോകൾ നിർമിച്ച് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഫേസേബുക്ക്. ഇത് സംബന്ധിച്ച വാർത്ത വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്.വിഡിയോ നിര്‍മാണത്തിനായി സൃഷ്ടാക്കള്‍ക്ക് പണം നല്‍കാമെന്ന് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാം യു.എസില്‍ ആഗസ്റ്റ് മാസത്തില്‍ പുതിയ റീല്‍സ് സവിശേഷത അവതരിപ്പിക്കും. തങ്ങളുടെ ഉള്ളടക്കം റീലുകളില്‍ മാത്രം പോസ്റ്റുചെയ്യുന്നവര്‍ക്ക് ഫേസ്ബുക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇതിനു സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
അതേസമയം, യു.എസിലെ തങ്ങളുടെ ഫോളോവേഴ്സിനായി ടിക് ടോക്ക് കഴിഞ്ഞ ആഴ്ച 200 മില്യണ്‍ ഡോളറാണ് പുറത്തിറക്കിയത്. ടിക് ടോക്കിലെ വിഡിയോ നിർമാതാക്കൾക്ക് ഉപജീവനമാര്‍ഗം നേടാന്‍ സഹായിക്കുന്നതിനാണ് ടിക് ടോക്ക് ക്രിയേറ്റര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കുക. ഇക്കാര്യം ടിക്ക് ടോക്കിന്റെ യു.എസ് ബിസിനസ് ജി.എം വനേസ പപ്പാസാണ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്.ഈ ഫണ്ടിലേക്ക് യോഗ്യത നേടുന്നതിനായി സൃഷ്ടാക്കള്‍ക്ക് ഒരു നിശ്ചിത ഫോളോവേഴ്സ് ഉണ്ടായിരിക്കണം, അതോടൊപ്പം ടിക് ടോക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന യഥാര്‍ത്ഥ ഉള്ളടക്കം പോസ്റ്റു ചെയ്യുകയും വേണം.അടുത്ത മാസം മുതല്‍ യു.എസ് ആസ്ഥാനമായുള്ള സൃഷ്ടാക്കളില്‍ നിന്ന് ടിക് ടോക്ക് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ യു.എസില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ടിക് ടോക്ക് അറിയിച്ചു. ലോകത്ത് രണ്ട് ബില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.
സുരക്ഷാ കാരണങ്ങളാല്‍ ടിക് ടോക്ക് ഉൾപ്പെടെ 58 ചൈനീസ് ആപ്ലിക്കേഷനുകൾ കഴിഞ്ഞ മാസം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ചൈനീസ് അപ്ലിക്കേഷന്‍ നിരോധച്ചതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇന്ത്യയിലെ റീല്‍സ് കിക്ക്സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഇന്‍സ്റ്റാഗ്രാം നിരവധി പേരുമായി സഹകരിക്കുന്നുണ്ട്. ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ പുതിയ ഫോര്‍മാറ്റ് ലഭിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ധാരാളം എഡിറ്റിംഗ് ഉപകരണങ്ങളും പ്രത്യേക ഇഫക്റ്റുകളും ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാനാണ് റീല്‍സ് ഉപയോക്താക്കളെ അനുവദിക്കുന്നത്. ടിക് ടോക്ക് അപ്ലിക്കേഷന്‍ സമാനമാണ് റീൽസ്.