sarith

തിരുവനന്തപുരം: നയതന്ത്ര ചാനൽ പരിരക്ഷ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. കേസിലെ ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒയുമായ സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന കസ്‌റ്റംസിന് മൊഴി നൽകി. എന്നാൽ സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എങ്ങനെയാണെന്ന് സ്വപ്‌ന വിശദീകരിച്ചില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് കസ്‌റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോട് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വപ്‌നയുടെ മൊഴി കസ്‌റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കിൽ മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ബിസിനസോ മറ്റോ ഉണ്ടായിരിക്കണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ സരിത്തിന് മറ്റ് ബിസിനസുകളോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നു എന്നതിന് ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി

​ ജോലിഭാരത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താൻ സ്വപ്‌നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തതെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻ.ഐ.എയ്ക്ക് മൊഴി നൽകി. പലദിവസങ്ങളിലും ജോലി കഴിഞ്ഞ ഇറങ്ങുമ്പോൾ അർദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്ളാറ്റ് എടുത്തതെന്നും ശിവശങ്കർ പറഞ്ഞു. ഫ്ളാറ്റിൽ മിക്കപ്പോഴും സ്വപ്‌നയുടെ ഭർത്താവും കുട്ടികളും അടുത്ത ബന്ധുക്കളും ഉണ്ടാകും. ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തു നൽകാൻ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തിൽ മറ്റു സഹായങ്ങൾ നൽകിയിട്ടില്ല. സ്വർണം പിടികൂടിയ സമയത്ത് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ എൻ.ഐ.എയോട് പറഞ്ഞു.

ഗൺമാനെ വീണ്ടും ചോദ്യം ചെയ്യും

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മുൻ ഗൺമാൻ ജയഘോഷിനെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ഇതിനായി ഇയാൾക്ക് ഉടൻ നോട്ടീസ് നൽകും. നയതന്ത്ര ബാഗിൽ കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലായ് ഒന്നു മുതൽ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണിൽ വിളിച്ചിരുന്നു. ഇരുവരെയും കോൺസുലേറ്റിൽ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി

സ്വർണക്കടത്ത് അന്വേഷണത്തിനിടെ യു.എ.ഇയിലേക്ക് മടങ്ങിയ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌നയും സന്ദീപ് നായരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. അറ്റാഷെയോട് ചോദിക്കാനായി ഇരുപതോളം ചോദ്യങ്ങൾ കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ കടത്തിനും 1.12 ലക്ഷം രൂപ അറ്റാഷെയ്ക്ക് നൽകിയിരുന്നതായി നേരത്തെ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം യു.എ.ഇ കോൺസുലേറ്റിലേ സി.സി.ടി.വി ദൃശ്യങ്ങളും കസ്‌റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.