തിരുവനന്തപുരം: 30ാം വാർഷികം ആഘോഷിക്കുന്ന ടെക്നോപാർക്കിന് തുടർച്ചയായി രണ്ടാം വർഷവും ക്രിസിൽ എ റേറ്റിംഗ്. വായ്‌പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം തുടങ്ങിയവ സംബന്ധിച്ചുള്ള ആധികാരിക റേറ്റിംഗാണ് ക്രിസിൽ. വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ 2014ൽ ഡി റേറ്റിംഗായിരുന്നു ടെക്നോപാർക്കിന്. പിന്നീട് സാമ്പത്തിക പുന:ക്രമീകരണത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ടെക്നോപാർക്ക് നടത്തിയത്. ക്രിസിൽ റേറ്റിംഗിൽ എഎഎ റേറ്റിംഗാണ് ഏറ്റവും ഉയർന്നത്. കെട്ടിട നിർമ്മാണത്തിനായി ബാങ്ക് കൺസോർഷ്യം വഴിയെടുത്ത 250 കോടിയുടെ വായ്‌പയാണ് ടെക്നോപാർക്കിനെ കടക്കെണിയിലാക്കിയത്.
സംസ്ഥാനത്തെ ഐ.ടി വിപ്ലവത്തിന് തുടക്കമിട്ട ടെക്നോപാർക്ക് 1990 ജൂലായ് 28നാണ് നിലവിൽ വന്നത്.രാജ്യത്തെ ആദ്യ ടെക്നോപാർക്കാണിത്. ഇതിനോടകം 450 കമ്പനികളിലേക്കും അവയിലെ 62,000 ജീവനക്കാരിലേക്കും വളർന്നു. വികസനം, അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയിലൊന്നും ഇതുവരെ ടെക്നോപാർക്ക് പിന്നാക്കം പോയിട്ടില്ല.
കൊവിഡ് കാലത്തിനുശേഷം ജോലി സ്ഥലങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകാനുള്ള സാദ്ധ്യതകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടെക്നോപാർക്കിന് ആകാംക്ഷകളും പ്രതീക്ഷകളുമുണ്ട്. നിസാൻ ഡിജിറ്റൽ ഇന്ത്യ, ടെക് മഹീന്ദ്ര, ടെറാനെറ്റ്, വേ ഡോട്ട് കോം, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ ടെക്‌നോപാർക്കിൽ സാന്നിദ്ധ്യമറിയിച്ചത് ഈ കാലഘട്ടത്തിലാണ്. 27.5 കോടി രൂപയുടെ നിക്ഷേപവും 1610 തൊഴിലവസരങ്ങളുമാണ് ഇവയിലൂടെ മാത്രം ലഭിച്ചത്. 2018 ഒക്ടോബർ 12ന് നിലവിൽ വന്ന ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ നിർദ്ദിഷ്ട ടോറസ് ഡൗൺ ടൗൺ പ്രോജക്ടിൽ ഐ.ടി മേഖലയ്ക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമായുള്ള നിർമ്മിത സ്ഥലം 57 ലക്ഷം ചതുരശ്ര അടിയാണ്. നേരിട്ട് കാൽലക്ഷം പേർക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക.