ന്യൂഡൽഹി: സൂര്യനു കീഴിലുള്ള എല്ലാ വിവരങ്ങളും നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. എന്നാൽ കഴിഞ്ഞ ദിവസം വിക്കിപീഡിയയിൽ നിന്നും ഒരു സന്ദേശം പുറപ്പെടുവിച്ചു. ഇന്ത്യൻ വായനക്കാരോടായിരുന്നു ആ സന്ദേശം. തങ്ങളുടെ സ്വതന്ത്ര അസ്തിത്വം നിലനിർത്താൻ പണം സംഭാവനയായി നൽകണമെന്നാണ് വിക്കി ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഇന്ത്യാക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും. ഇതൽപ്പം മോശമാണെന്ന് ഞങ്ങൾക്കറിയാം. എങ്കിലും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു. വിക്കിപീഡിയയുടെ സ്വതന്ത്ര്യ സ്വഭാവം സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഞങ്ങളുടെ 98 ശതമാനം വായനക്കാരും ഒന്നും സംഭാവനയായി നല്‍കുന്നില്ല.
നിങ്ങൾ 150 രൂപ സംഭാവനയായി നൽകുകയാണെങ്കിൽ അത് ഒരുപാട് വർഷത്തേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കും. നിങ്ങൾ ഇതിനുമുമ്പ് ഞങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയുന്നു. 150 രൂപയെന്നത് ഏറ്റവും കുറഞ്ഞ തുകയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുകളിൽ ഏത് തുകയും വിക്കിക്കായി സംഭാവന നൽകാം. വിവിധ കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായാണ് പണം സംഭാവന നൽകേണ്ടത്.‘-വിക്കിപീഡിയയുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇതാദ്യമായല്ല വിക്കിപീഡിയ സോഷ്യൽ മീഡിയ വായനക്കാരിൽ നിന്നും പിന്തുണ തേടുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമാനമായ ഒരു സന്ദേശം വിക്കിപീഡിയ വെബ്സെെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.