തൂവാനത്തുമ്പികൾ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഇന്നും മനസ്സിൽ പ്രണയവും ഗൃഹാതുരത്വവും ഉണർത്തുന്ന സിനിമയാണ്.റിലീസ് ചെയ്ത് 33-ാം വർഷവും നിത്യഹരിത പ്രണയത്തിന്റെ,സൗഹൃദത്തിന്റെ, അചഞ്ചലമായ സ്നേഹത്തിന്റെ സ്മാരകം പോലെ തൂവാനത്തുമ്പികൾ പെയ്തിറങ്ങുന്നു.പ്രിയ സംവിധായകൻ അനശ്വരനായ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയുടെ ഓർമ്മകൾ ---------------------------------------------------------------
മഴയും പ്രണയവും, എന്ന് പറയുമ്പോൾ ക്ളാരയെയും ജയകൃഷ്ണനെയും മലയാളികൾ ഓർക്കും..മലയാളികളെ പ്രണയത്തിലാഴ്ത്തിയ പി. പത്മരാജൻ എന്ന എഴുത്തുകാരനായ സംവിധായകൻ സൃഷ്ടിച്ചെടുത്ത 'തൂവാനത്തുമ്പികൾ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 33 വർഷം തികയുന്നു. സിനിമ ഇറങ്ങി മൂന്ന് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും, അടുത്ത തലമുറയും ആ സിനിമയെക്കുറിച്ച് ഇപ്പോഴും വാചാലരാകുന്നു.ആ അപൂർവ്വ സൗഭാഗ്യം ലഭിച്ച സിനിമകളിൽ ഒന്നാണ് 'തൂവാനത്തുമ്പികൾ'. 'ഉദകപ്പോള' എന്ന പത്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 'തൂവാനത്തുമ്പികൾ'. മോഹൻലാൽ, സുമലത, പാർവതി, അശോകൻ, ബാബു നമ്പൂതിരി എന്നിവർ അഭിനയിച്ച സിനിമയുടെ ചിത്രീകരണ വേളയിലും മറ്റും നടന്ന ചില കഥകൾ കേരള കൗമുദിയോട് പങ്ക് വയ്ക്കുകയാണ് പത്മരാജന്റെ സഹധർമ്മിണിയായ രാധാലക്ഷ്‌മി പത്മരാജൻ..
ലാലിന്റെ സഹായഹസ്തം
നിർമ്മാണം പാതി വഴിയിൽ നിലച്ചു പോകേണ്ട 'തൂവാനത്തുമ്പികൾ'.. മോഹൻലാലിന്റെ സഹായഹസ്‌തം ലഭിച്ചിരുന്നു. 'തൂവാനത്തുമ്പികളു'ടെ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഷൂട്ടിങ് തുടങ്ങാൻ സഹായിച്ചത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ സിനിമയുടെ നിർമ്മാണം ഏറ്റെടുത്താണ് 'തൂവാനത്തുമ്പികൾ' പൂർത്തിയാക്കിയത്. ലാലിന്റെ അമ്മയും ഞാനും ഒന്നിച്ച് 'തൂവാനത്തുമ്പികളു'ടെ സെറ്റിൽ ഉണ്ടായിരുന്നു ഞാൻ സാധാരണ അദ്ദേഹത്തിന്റെ ഷൂട്ടിങ് സെറ്റുകളിൽ ഒന്നും പോകാറില്ല. എന്നാൽ 'തൂവാനത്തുമ്പികൾ' നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹൻലാലും അശോകനും കൂടിയുള്ള ഒരു സീൻ കേരളവർമ്മ കോളേജിൽ വച്ച് ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്ത ചേച്ചിയും അമ്മാവൻ രാധാകൃഷ്‌ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ്മ എന്തെന്നാൽ, പ്രശസ്‌ത സംവിധായകൻ ജോൺ എബ്രഹാമിന്റെ മരണം 'തൂവാനത്തുമ്പികളു'ടെ ചിത്രീകരണ സമയത്താണ്. ആ സമയം ഷൂട്ടിങ് നിറുത്തി വച്ച് അദ്ദേഹവും കൂട്ടരും തൃശൂരിലെ സാഹിത്യ അക്കാദമിയിൽ പോയി ജോണിന് ആദരവ് അർപ്പിച്ചതും മറക്കാനാവാത്ത ഓർമ്മയാണ്.
ലാലെന്ന ബുദ്ധിമാനായ നടൻ
മോഹൻലാലിനെ പോലെ ബുദ്ധിമാനായ ആർട്ടിസ്റ്റ് വേറെയില്ല മോഹൻലാലുമായി അദ്ദേഹത്തിന് വല്ലാത്തൊരു ആത്മബന്ധമായിരുന്നു. ലാലിനെ പോലെ ബുദ്ധിമാനായ ഒരു ആർട്ടിസ്റ്റ് വേറെയില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടു മുമ്പ്, കോഴിക്കോട് ചെല്ലുമ്പോൾ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാലും അവിടെ ഉണ്ടായിരുന്നു. അത് അറിഞ്ഞ് അദ്ദേഹവും ഗാന്ധിമതി ബാലനും ലാലിനെ കാണാനും പദ്ധതി ഇട്ടിരുന്നു.
ജീവിതത്തിലും റൊമാന്റിക്
ജീവിതത്തിലും വളരെയധികം റൊമാന്റിക്ക് ആയിരുന്നത് കൊണ്ടാണല്ലോ ആകാശവാണിയിൽ വച്ച് കണ്ടുമുട്ടിയ ഞങ്ങൾ തമ്മിൽ അടുത്തതും ജീവിതത്തിലും ഒന്നായി തീർന്നതും. ആ സ്‌നേഹം എന്നും എനിക്കും മക്കൾക്കും ഒപ്പം ഉണ്ടായിരുന്നു. സിനിമയുടെ ജോലികൾ ഒഴിയുന്ന സമയത്ത് അദ്ദേഹത്തിന് ഞങ്ങളോടൊപ്പം കഴിയുന്നതായിരുന്നു ഏറ്റവും ഇഷ്ടമുള്ള കാര്യം. പലരെയും പോലെ ക്ളബ്ബുകളിലോ മറ്റെവിടെയെങ്കിലോ അദ്ദേഹം പോകാറേ ഉണ്ടായിരുന്നില്ല. ഒഴിവ് കിട്ടുമ്പോഴൊക്കെ കുടുംബത്തോടൊപ്പം കഴിയുവാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.