shibu

ലണ്ടൻ: തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ റെയിൽവേ സ്റ്റേഷനടുത്ത് ചെടിയുളള വീട് എന്നറിയപ്പെടുന്ന ശാന്തി ഭവനിൽ നിന്ന് ലണ്ടനിലെത്തിയ ഷിബുകുമാർ അവിടെ ഒരു പൂന്തോട്ടം ഒരുക്കുകയാണ്. വീടിനു പിന്നിലുളള ഗാർഡൻ ഏരിയ പൂക്കൾ കൊണ്ട് നിറയ്ക്കുന്നു. ഒരു പൂ കൊഴിയുമ്പോൾ അതേ ചെടിച്ചട്ടിയിൽ മറ്റൊരു പൂ വിരിഞ്ഞുവരത്തക്കവിധമാണ് ചെടികൾ നടുന്നത്. മാർച്ച്, ഏപ്രിൽ മാസത്തോടെ വസന്ത കാലം വന്നുകഴിഞ്ഞാൽ പൂക്കളുടെ ഉത്സവ കാലമാണ്. ഇത് നിരവധിപേരെയാണ് ആകർഷിക്കുന്നത്. വിത്തുകളൊക്കെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നാണ് എത്തുന്നത്. താമരയുടെ വിത്തുകൾ വിയറ്റ്നാമിൽ നിന്നാണ് വരുന്നത്. ലണ്ടനിലെ പ്രാദേശിക പത്രങ്ങൾ ചിത്രം സഹിതം വാർത്ത കൊടുത്താണ് ഷിബുവിന്റെ ചെടികളോടുളള പ്രണയം ആഘോഷിച്ചത്.

അച്ഛൻ സിങ്കപ്പൂരിൽ നിന്ന് കൊണ്ടുവന്ന് വളർത്തിയ ചെടികളാണ് തന്നിലേക്ക് ഗാർഡൻ പ്രേമം വളർത്തിയത് എന്നാണ് ഷിബു പറയുന്നത്. ഒരു പ്രൊഫഷനൽ ഷെഫ്‌ ആയ ഷിബുകുമാർ അമേരിക്കയിലെ കാർണിവൽ ക്രൂസ് ഷിപ്പിലെ ജോലിക്ക് ശേഷമാണ് ലണ്ടനിൽ എത്തിയത്.രണ്ട് വർഷം ലണ്ടനിൽ ജെ പി മോർഗനിലെ ഷെഫ് ആയി ജോലി ചെയ്തു. പാചക കലയിലെ അവാർഡുകളും ഷിബുവിനെത്തെടിയെത്തിയിട്ടുണ്ട്. ഭാര്യ രശ്മിയോടും മകൾ ഐശ്വര്യയോടും ഒപ്പം ലണ്ടനിലെ ബിക്കന്റ്രീ ഹീത്തിൽ താമസിക്കുന്നു.