ന്യൂഡൽഹി: കഴിഞ്ഞ 35 വർഷമായി തുടരുന്ന വിദ്യാഭ്യാസ രീതിക്ക് സമൂലമായ മാറ്റമാണ് രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വരാൻ പോകുന്നത്. ഡോ.കെ.കസ്‌തൂരിരംഗന്റെ ശുപാർശകൾ പ്രകാരം നടപ്പാകുന്ന പ്രീ സ്‌കൂൾ മുതൽ 12ആം ക്ളാസ് വരെയുളള പതിനഞ്ച് വർഷം നീളുന്ന പുതിയ പഠനരീതിയിലൂടെ 2 കോടിയോളം കുട്ടികൾക്ക് സ്‌കൂളുകളിൽ കൂടുതലായി എത്താനാകും എന്നതാണ് പ്രത്യേകതയെന്ന് പറയുന്നു കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായ അമിത് ഖാരെ.
പത്ത് വർഷത്തെ സമയമെടുത്താകും ഇത് നടപ്പാക്കാൻ സാധിക്കുക.സ്‌കൂളുകളിൽ പോഷക സമ്പന്നമായ പ്രഭാത ഭക്ഷണമേകാനും നിലവിൽ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ പ്രതിവർഷ കണക്കായ 26 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനും അതുവഴി രാജ്യമാകെ 3.5 കോടി സീറ്റുകൾ കൂടുതലായി ഉണ്ടാക്കാനുമാണ് ശ്രമമെന്ന് അമിത് ഖാരെ വ്യക്തമാക്കുന്നു.
കോളേജുകളിലെ വിവിധ തലത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയരും. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭിക്കാൻ കൂടുതൽ അവസരം ഒരുങ്ങും. ഉന്നത വിദ്യാഭ്യാസത്തിനായി നിലവിലുളള യു ജി സി, എ ഐ സി ടി ഇ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും ഇതിനായുളള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നടപ്പിൽ വരുത്താനാണ് ശ്രമമെന്നും അമിത് ഖാരെ അറിയിച്ചു.
വിദേശത്തെ മികച്ച നൂറ് സർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസ് തുറക്കാനും രാജ്യത്തുളള സർവകലാശാലകളുടെ നിലവാരം ഉയർത്തി അവയുടെ കേന്ദ്രങ്ങൾ വിദേശത്ത് ആരംഭിക്കാനും ശ്രമമുണ്ടാകും. വാണിജ്യമനോഭാവത്തോടെയുളള പഠനരീതി വിദേശ സർവകലാശാലകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്ന് നിബന്ധനയുമുണ്ട്. ഇവ നൽകുന്ന ഫണ്ട് വിദ്യാഭ്യാസത്തിന് മാത്രമാകും വിനിയോഗിക്കേണ്ടത്. രാജ്യത്ത് ഐഐടികളിൽ സയൻസ് ഇതര വിഷയങ്ങളുടെയും മികച്ച പഠനം ഉണ്ടാകും. പത്ത് വിഭാഗങ്ങളായി ദേശീയ ഗവേഷണ ഫൗണ്ടേഷനും ഉണ്ടാകും. സമൂലമായ പരിവർത്തനമാണ് ഇത്തരത്തിൽ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കുകയാണ് അമിത് ഖാരെ.