pkrishnapillai

ആലപ്പുഴ: പി.കൃഷ്‌ണപിള‌ള സ്‌മാരകം തകർത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അഞ്ച് പ്രതികളെയുംവെറുതേ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകളുടെ അഭാവമാണ് ഇവരെ വെറുതെ വിടാൻ കാരണം. മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രൻ ഉൾപ്പടെ അഞ്ച് പേരായിരുന്നു കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. 2013 ഒക്‌ടോബർ 31നായിരുന്നു ആലപ്പുഴ ക‌ണ്ണർകാടുള‌ള സ്‌മാരകം തകർക്കപ്പെട്ടത്. ചെല്ലികണ്ടത്ത് കൃഷ്‌ണപിള‌ള (പി.കൃഷ്‌ണപിള‌ള) താമസിച്ചിരുന്ന കെട്ടിടം തീയിട്ട് നശിപ്പിക്കുകയും പ്രതിമ തകർക്കുകയും ചെയ്‌തു.

കെട്ടിച്ചമച്ച് ഉണ്ടാക്കിയ തെളിവുകളും സാക്ഷികളുമുണ്ടായിരുന്ന കേസിൽ കോടതിയിൽ നിന്ന് നീതി ലഭിച്ചെന്ന് പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ടവർ പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിന് ശേഷം ഏഴ് കൊല്ലം കഴിഞ്ഞാണ് വിധി വരുന്നത്.വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രനെ മുഖ്യപ്രതിയാക്കിയും കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി.സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെ മ‌റ്റ് പ്രതികളുമാക്കി ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ഈ സമയം കേസിൽ പ്രതികളായ പ്രവർത്തകരെയെല്ലാം സിപിഎം പുറത്താക്കിയിരുന്നു. പാർട്ടി അന്വേഷണവും നടന്നിരുന്നില്ല. വി.എസ് അച്യുതാനന്ദൻ ഇവരെ പിന്തുണച്ചിരുന്നു.

കേസിൽ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കു‌‌റ്റപത്രത്തിൽ സിപിഎമ്മിലെ വിഭാഗീയത കാരണം ഔദ്യോഗിക പക്ഷത്തിന് സ്‌മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്താനാണ് സ്‌മാരകം തകർ‌ത്തത് എന്ന് രേഖപ്പെടുത്തിയിരുന്നു. സി പി എം നേതാക്കളായ സജി ചെറിയാൻ എം എൽ എ, സി.ബി.ചന്ദ്രബാബു എന്നിവരുൾപ്പടെ 72 സാക്ഷികളാണ് ഉണ്ടായിരുന്നത്.