വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ''മൊയ്ദീനേ.. ആ ചെറിയേ സ്പാനറിങ്ങെടുത്തേ.....'', എന്ന ഡയലോഗ് അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. പപ്പുവിനൊപ്പം തന്നെ ഈ കോമഡി രംഗത്തിലെ താരമാണ് ആ റോഡ് റോളർ. ഈ റോഡ് റോളർ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
എൻ.എൻ.സാലിഹ് എന്ന കരാറുകാരനാണ് കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ കിടന്ന റോഡ്റോളർ രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. എന്നാൽ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ മോഹൻലാൽ ഒടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിർമാതാവും നടനുമായ മണിയൻപിള്ള രാജു.
''ആ റോഡ് റോളർ ലേലം ചെയ്യുന്നത് മോഹൻലാൽ അറിയാത്തത് നന്നായി. പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താൽ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാൽ അറിഞ്ഞെങ്കിൽ ഓടിവന്നു വാങ്ങിച്ചേനെ..'-മണിയൻപിള്ള രാജു പറഞ്ഞു.
കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓർമകളും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. മൊയ്ദീനേ ആ ചെറിയേ സ്പാനറിംഗ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകൾ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പി ഡബ്ല്യു ഡിയിൽ നിന്ന് റോഡ് റോളർ എടുത്തത്.
കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹില്ലിലെ വീട് വിട്ടുനൽകിയതെന്നും മതിലിടിച്ചു പൊളിക്കാൻ അനുവദിച്ചതെന്നും മണിയൻപിള്ള പറഞ്ഞു. ഒറ്റ ടേക്കിൽ ഈ രംഗം ചിത്രീകരിക്കാൻ രണ്ടു ക്യാമറ വച്ച്ഷൂട്ട് ചെയ്യുകയായിരുന്നു-അദ്ദേഹം വെളിപ്പെടുത്തി.