കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് കാർഗോ ക്ലിയറിംഗ് ഏജന്റ്സ് അസോസിയേഷൻ സംഘടനാ നേതാവ് ഹരിരാജിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യുന്നു. നേരത്തേ ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് വിട്ടിരുന്നു. സ്വർണമടങ്ങിയ ബാഗ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചപ്പോൾ കസ്റ്റംസ് അധികൃതരെ വിളിച്ചു എന്നാണ് ഹരിരാജിനെതിരെ ഉയരുന്ന ആരോപണം. ഇതേതുടർന്നാണ് ആദ്യം ചോദ്യം ചെയ്തത്. അന്ന് എന്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നോ എന്ന് വ്യക്തമല്ല.
ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിന് പിന്നിലെ സാമ്പത്തിക, രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും എൻ.ഐ.എ അന്വേഷണം തുടങ്ങി. സ്വർണക്കടത്തിന്റെ സൂത്രധാരൻ കെ.ടി. റെമീസിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില ഭീകര സംഘടനകളുമായി റെമീസിനുള്ള ബന്ധങ്ങളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് പരമാവധി സ്വർണം കടത്തണമെന്നാണ് റെമീസ് സ്വപ്നയ്ക്ക് നൽകിയിരുന്ന നിർദേശം. തുടർച്ചയായി യു.എ.ഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജെത്തിയതോടെയാണ് കസ്റ്റംസിന് വിവരം ചോർന്നുകിട്ടിയത്.റെമീസിന്റെ സംഘത്തിലെ ഉന്നതരെ കണ്ടെത്താനാണ് എൻ.ഐ.എയുടെ ശ്രമം.