ayurveda

ന്യൂഡൽഹി: കൊവിഡ് രോഗത്തിന് നിലവിൽ ലോകത്തൊരിടത്തും പ്രതിവിധി കണ്ടെത്തിയിട്ടില്ല. വൻ നഗരങ്ങളിൽ മുതൽ ഗ്രാമങ്ങളിൽ വരെ രാജ്യത്തെ ജനങ്ങൾ രോഗത്തെ ഭയന്ന് ജീവിക്കുന്നു. ഈ സമയത്തും ചികിത്സക്കായെത്തിയ എല്ലാ രോഗികളും കൊവിഡ് മുക്തരാകുകയും ഗുരുതരമായ പ്രശ്‌നങ്ങളില്ലാതെ തുടർ ജീവിതത്തിലേക്ക് കടക്കുകയും ചെയ്‌ത ഒരു ചികിത്സാസ്ഥാപനം നമ്മുടെ രാജ്യ തലസ്ഥാനത്തുണ്ട്. അഖിലേന്ത്യ ആയുർവേദ ഇൻസ്‌റ്റി‌റ്റ്യൂട്ട് (എഐഐഎ) ആണത്. ഡൽഹി സരിത വിഹാറിലുള‌ള എഐഐഎയിൽ കഴിഞ്ഞ ദിവസം ആയുഷ് വിഭാഗം സഹമന്ത്രി ശ്രീപദ് യെശോ നായിക് സന്ദർശിച്ചു. പാരമ്പര്യ രീതിയിലൂന്നിയ ഇവിടുത്തെ ചികിത്സയിൽ മന്ത്രിക്ക് വലിയ തൃപ്‌തിയാണ് ഉണ്ടായത്.

ഇവിടെ കൊവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് പ്രത്യേകമായ ഭക്ഷണവും യോഗയും അടങ്ങിയ ആയുർവേദ കൊവിഡ് ചികിത്സാ പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകുന്നു. നൂറ് ശതമാനം രോഗ മുക്തി നേടുന്നു എന്ന് മാത്രമല്ല ഒരുവിധ ആരോഗ്യ പ്രശ്‌നവും അവർക്ക് ഉണ്ടാകുന്നില്ലെന്നും കണ്ടെത്തി. 90 ശതമാനത്തിലധികം പേർക്കും കൊവിഡ് ലക്ഷണമായ ശ്വാസമെടുക്കാൻ കഴിയാത്തതുപോലെയുള‌ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലെന്നും മന്ത്രി അറിയിക്കുന്നു. ഡിസ്‌ചാർജ് ആകും മുൻപ് എല്ലാവരും ടെസ്‌റ്റ് നെഗ‌‌റ്റീവ് റിസൾട്ട് ആണെന്ന് ഉറപ്പാക്കി. ആശുപത്രിയിലെ ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനത്തിൽ ശ്രീപദ് യെശോ നായിക് തൃപ്‌തി രേഖപ്പെടുത്തി. ആയുർവേദ ഇൻസ്‌റ്റി‌റ്റ്യൂട്ടിലെ കൊവിഡ് പരിശോധനാ സംവിധാനവും മന്ത്രി സന്ദർശിച്ചു. രോഗികളിൽ വളരെ ശുഭപ്രതീക്ഷയും ചികിത്സയിൽ തൃപ്‌തിയുമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറയുന്നു.