kaumudy-news-headlines

1. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇടത്ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ് ബി രാജിനെ ആണ് സ്ഥലം മാറ്റിയത്. നാഗ്പൂരിലേക്ക് ആണ് സ്ഥലം മാറ്റിയത്. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്വര്‍ണക്കടത്തു കേസിന്റെ ഗൂഢാലോചന തുടങ്ങിയത് ദുബായില്‍ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരും ആയുളള ഇടപാടുകളും നടന്നത് ദുബായില്‍ വെച്ചാണ്. സ്വപ്നയെ പിന്നീട് ഇവര്‍ ഡിപ്ലോമാറ്റിക് സൗകര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക ആയിരുന്നു. 2014ല്‍ സരിത്തും സന്ദീപും റമീസും ദുബായില്‍ ആയിരുന്നു. അവിടെവെച്ച് ആണ് ഗൂഢാലോചനയ്ക്ക് തുടക്കം കുറിക്കുന്നത്.


2. നയതന്ത്ര ബാഗിലൂടെ ഇതെങ്ങനെ കടത്തണം എന്നറിയുന്നതിന് വേണ്ടി ഒരു ഡമ്മി പരീക്ഷണം നടത്തി. ബാഗേജ് തടസ്സങ്ങളില്ലാതെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് സ്വപ്നയെ ഇതില്‍ ഉള്‍പ്പെടുത്തിയത്. പ്രതികള്‍ കസ്റ്റംസിന് നല്‍കിയ മൊഴികളില്‍ നിന്നാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തം ആയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി സൗഹൃദം മാത്രം എന്ന് സന്ദീപും സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. പാര്‍ട്ടികളില്‍ എല്ലാം ശിവശങ്കര്‍ പങ്കെടുക്കാറ് ഉണ്ടായിരുന്നു എന്നും മൊഴിയിലുണ്ട്. സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എയും വിശദമായ അന്വേഷണം നടന്ന് വരുക ആണ്. അതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ജയഘോഷിന് ഉടന്‍ നോട്ടീസ് നല്‍കും. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചിട്ട് ഉണ്ട്.
3. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു. വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രന്‍ ഉള്‍പ്പടെ അഞ്ചുപ്രതികളാണ് കുറ്റവിമുക്തര്‍ ആയത്. പ്രതികള്‍ക്ക് എതിരെ തെളിവില്ലെന്ന് കോടതി. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേത് ആണ് വിധി. സത്യത്തിന്റെ വിജയം എന്ന് കുറ്റവിമുക്തര്‍ ആയവര്‍. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ നിയമനടപടി തുടരും. കോടതി വിധിയില്‍ സന്തോഷമെന്ന് ലതീഷ് ബി ചന്ദ്രന്‍. 2013 ഒകേ്ടാബര്‍ 31നാണ് കഞ്ഞിക്കുഴി കണ്ണര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. പി. കൃഷ്ണപിള്ള അവസാനകാലത്ത് താമസിച്ചതും പാമ്പുകടിയേറ്റ് മരിച്ചതും ഇവിടെ വെച്ചായിരുന്നു. വീട് ഭാഗികമായി കത്തി. പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. മാരാരിക്കുളം പൊലീസ് ആദ്യമന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക ആയിരുന്നു.
4. സി.പി.എമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ത്തതിന് പിന്നില്‍ എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസ് മനപൂര്‍വം കെട്ടിച്ചമച്ചത് ആണെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2016 ഏപ്രില്‍ 28ന് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 56 സാക്ഷികളെ ആണ് വിസ്തരിച്ചത്. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തൊട്ടടുത്ത് കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയും അക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. ലതീഷായിരുന്നു ഈ കേസിലും ഒന്നാം പ്രതി.
5. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള കേരള കൗമുദിയുടെ പ്രചരണം ആരംഭിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ഈ പ്രചരണം. 'ഇത് എന്റെ കരുതല്‍' എന്ന പേരിലാണ് കേരളകൗമുദി മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്. രാഷ്ട്രീയ സാമൂഹിക കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് കേരള കൗമുദിക്ക് ഒപ്പം ഈ പ്രചരണത്തില്‍ അണിചേരുന്നത്.