harsh-vardhan

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് രോഗത്തോടുള‌ള പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധൻ. സി എസ് ഐ ആറുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. കൊവിഡ് രോഗ ചികിത്സയ്‌ക്ക് സി എസ് ഐ ആർ സാങ്കേതിക വിദ്യാ സഹായത്തോടെ നടത്തുന്ന കഠിനാധ്വാനത്തെ മന്ത്രി അഭിനന്ദിച്ചു. 'രോഗ നിർണയം, മരുന്നുകൾ, വെന്റിലേ‌റ്ററുകൾ, പിപിഇ കി‌റ്റുകൾ എന്നിവയിൽ നൂറിലധികം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. 93ലധികം വ്യവസായ പങ്കാളികളും സി എസ് ഐ ആറിനുണ്ട്. ഇതിൽ 60 എണ്ണം കൊവിഡ് അവശ്യ വസ്‌തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലെ നിർമാണത്തിനാണ്.'

രാജ്യം കൊവിഡ് പോരാട്ടത്തിൽ ഒട്ടും പിന്നിലല്ല. മാത്രമല്ല അഭിമാനിക്കാൻ വകയുണ്ടെന്നും രാജ്യത്തെ രണ്ട് കമ്പനികൾ നിർമ്മിക്കുന്ന കൊവിഡ് വാക്‌സിനുകൾ അവയുടെ പ്രധാന പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 'കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ പ്രാപ്‌തിയുള‌ള അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്.' ഡോ.ഹർഷ വർദ്ധൻ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്‌ടർമാർ, മ‌റ്റ് വിദഗ്‌ധർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യമൊട്ടാകെ കൊവിഡിനോടുള‌ള ശക്തമായ പോരാട്ടത്തിലാണ്. ഇന്ത്യയുടെ കൊവിഡ് മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. 64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പത്ത് ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയതായും ലോകത്തെ 150ഓളം രാജ്യങ്ങളിൽ ഇന്ത്യ ഹൈ‌ഡ്രോ‌ക്‌സിക്ളോറോക്വിൻ വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

'ഏപ്രിൽ മാസത്തിൽ പ്രതിദിനം 6000 ടെസ്‌റ്റുകൾ മാത്രമാണ് നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ അത് 5 ലക്ഷമായി ഉയർന്നിട്ടുണ്ട്. വരുംമാസങ്ങളിൽ ദിവസവും പത്ത് ലക്ഷം കൊവിഡ് ടെസ്‌‌റ്റുകൾ നടത്താൻ പാകത്തിനുള‌ള മുന്നേ‌റ്റമാണ് രാജ്യം നടത്താൻ പോകുന്നത്.' ഡോ.ഹർഷവർദ്ധൻ അറിയിച്ചു.