ipl-2020

മുംബയ് : നവംബർ എട്ടിന് നിശ്ചയിച്ചിരിക്കുന്ന ഐ.പി.എൽ ഫൈനൽ പത്തിലേക്ക് നീട്ടുന്നത് ഉൾപ്പടെയുള്ള ടൂർണമെന്റിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഗവേണിംഗ് കൗൺസിൽ യോഗം ഉടൻ ചേരും. സെപ്തംബർ 19 മുതൽ നവംബർ എട്ടുവരെ യു.ഇ.ഇയിൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നതെങ്കിലും തീയതിയുടെ കാര്യത്തിൽ ടി വി സംപ്രേഷണാവകാശം നേടിയ സ്റ്റാർ ഇന്ത്യ ചെറിയ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്.

ദീപാവലി സമയമായ നവംബർ രണ്ടാം വാരത്തിൽ ഫൈനലുകൾ നടത്തുവാനാണ് സ്റ്റാറിന്റെ താത്പര്യം. ഫൈനലിന് സ്റ്റാർ ഇഷ്ടപ്പെടുന്ന തീയതി നവംബർ19 ആണ്. എന്നാൽ ഐ.പി.എൽ കഴിഞ്ഞാലുടൻ ഇന്ത്യൻ ടീമിന് ആസ്ട്രേലിയൻ പര്യടനത്തിന് പുറപ്പെടേണ്ടതുണ്ട്.രണ്ടാഴ്ച ആസ്ട്രേലിയയിൽ ക്വാറന്റൈൻ കഴിഞ്ഞാലേ കളിക്കാനാകൂ എന്ന് ആസ്ട്രേലിയൻ അധികൃതർ നിർബന്ധം പിടിക്കുന്നതിനാൽ വലിയ മാറ്റം ഐ.പി.എൽ ഷെഡ്യൂളിൽ നടക്കില്ലെന്നാണ് ബി.സി.സി.ഐ നിലപാട്.

ഇതേത്തുടർന്നാണ് രണ്ട് ദിവസം ഫൈനൽ മുന്നോട്ടുനീട്ടാമെന്ന ധാരണയിലെത്തിയത്. ദീപാവലി വാരത്തിന്റെ തുടക്കത്തിൽ ഫൈനൽ നടത്താമെന്നും ഇന്ത്യൻ ടീമംഗങ്ങൾ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാതെ നേരിട്ട് ആസ്ട്രേലിയയ്ക്ക് പോകാമെന്നുമാണ് ധാരണയായിട്ടുള്ളത്.