ലാഹോർ : ആസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെക്കാൾ മികച്ച നായകൻ ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണിയെയാണെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് നായകൻ ഷാഹിദ് അഫ്രീദി.
ട്വിറ്ററിൽ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ധോണിയാണോ, പോണ്ടിംഗാണോ മികച്ച ക്യാപ്ടനെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വളരെ പെട്ടെന്നായിരുന്നു ധോണി തന്നെയെന്ന അഫ്രീദിയുടെ മറുപടി.
അഫ്രീദിയുടെ കാരണം
ധോണിയാണ് മികച്ച ക്യാപ്ടനെന്ന് പറയാനുള്ള കാരണവും അഫ്രീദി പങ്കുവച്ചു. യുവതാരങ്ങളെ വച്ച് പുതിയൊരു ഇന്ത്യൻ ടീമിനെ ഉണ്ടാക്കിയെടുത്തത് ധോണിയാണെന്ന് അഫ്രീദി ചൂണ്ടിക്കാട്ടി. പോണ്ടിംഗിന് പരിചയ സമ്പന്നരായ കളിക്കാരെയാണ് നയിക്കാൻ കിട്ടിയത്. അതുകൊണ്ട് പോണ്ടിംഗിനെക്കാൾ മുകളിലാണ് ധോണിയെന്ന് താ കണക്കാക്കുന്നുവെന്നും ഷാഹിദ് അഫ്രീദി ട്വിറ്ററിൽ കുറിച്ചു.
ക്യാപ്ടൻ ധോണി
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരാണ് എം.എസ്. ധോണിയും റിക്കി പോണ്ടിംഗും.. എന്നാൽ ഐസിസിയുടെ മൂന്ന് ടൂർണമെന്റുകളിലും കിരീടം നേടിയ ക്യാപ്ടൻ ധോണി മാത്രമാണ്. 2007ലെ ട്വന്റി-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെയാണ് ധോണിയുടെ കിരീട നേട്ടങ്ങൾ. ധോണിയുടെ നേതൃത്വത്തിൽ 2010 ൽ ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ ഒന്നാമതെത്തിയിരുന്നു.
ക്യാപ്ടൻ റിക്കി
2003ലും 2007ലും ആസ്ട്രേലിയയ്ക്ക് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്ടനാണ് റിക്കി പോണ്ടിംഗ്. ക്രിക്കറ്റ് ചരിത്രത്തില്‍ വിജയ ശതമാനത്തിൽ മുൻനിരയിലുള്ള ക്യാപ്ടൻമാരിൽ ഒരാൾ. 324 മത്സരങ്ങളിൽ ആസ്ട്രേലിയയെ നയിച്ചിട്ടുള്ള പോണ്ടിംഗ് 220 വിജയങ്ങൾ സ്വന്തമാക്കി. പരാജയപ്പെട്ടത് 77 മത്സരങ്ങൾ മാത്രം.
ഐ.പി.എൽ തിരിച്ചുവരവ്
2019c ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ധോണി യു.എ.ഇയിൽ സെപ്തംബറിൽ തുടങ്ങുന്ന ഐ.പി.എല്ലോടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇന്ത്യയെ 332 അന്താരാഷ്ട്ര മത്സരങ്ങളിൽ ധോണി നയിച്ചിട്ടുണ്ട്. അതിൽ 178 എണ്ണം ജയിച്ചപ്പോൾ തോൽവി 120 എണ്ണത്തിൽ മാത്രം. ധോണിയുടെ ക്രിക്കറ്റിലെ ആകെ വിജയശതമാനം 53.61 ആണ്. ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയശതമാനമാണിത്. നിലവിലെ ഇന്ത്യൻ ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. 64.64 ശതമാനമാണ് കൊഹ്‌ലിയുടെ വിജയ നിരക്ക്.