xavi-

ദോഹ:ഖത്തർ ക്ളബ് അൽ സാദിന്റെ പരിശീലകനായ മുൻ ബാഴ്സലോണ താരം ചാവി ഹെർണാണ്ടസ് രോഗ മുക്തനായി. കഴിഞ്ഞയാഴ്ചയാണ് ചാവിക്ക് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാത്തതിനാൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവായതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയതായി ചാവി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. മകളെ ചേർത്തുനിറുത്തി ഫോട്ടോയ്ക്കൊപ്പമാണ് താരം സന്തോഷ വാർത്ത പുറത്തുവിട്ടത്.ഉടൻ ക്ളബിന്റെ ചുമതലകളിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

മെസി ഖത്തർ ലോകകപ്പിൽ കളിക്കുമെന്ന് ചാവി

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിൽ അർജന്റീനാ ടീമിൽ ലണയൽ മെസിയുണ്ടാകുമെന്ന് ചാവി ഹെർണാണ്ടസ്. രോഗമുക്തനായ ശേഷം നൽകിയ ഒാൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജന്റീനയെ ലോകചാമ്പ്യൻമാരാക്കുക എന്നതാണ് മെസിയുടെ ഏറ്റവും വലിയ സ്വപ്നമെന്നും 2022 കഴിഞ്ഞും രാജ്യാന്തര ഫുട്ബോളിൽ തുടരാനുള്ള കായികക്ഷമത മെസിക്കുണ്ടെന്നും ചാവി പറയുന്നു. ബാഴ്സലോണയിൽ മെസിയുടെ സഹതാരമായിരുന്നു ചാവി. ബാഴ്സയിൽ മെസിക്കൊപ്പം 2004 മുതൽ 2015 വരെ ഒന്നിച്ചുകളിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനായ ചാവി ബാഴ്സലോണയുടെ പരിശീലകനായി എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം ബാഴ്സലോണ കോച്ചാവുക എന്നതാണെന്ന് കഴിഞ്ഞ ദിവസം ചാവി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ കോച്ച് ക്വിക്കെ സെറ്റിയാന്റെ കരാർ തീരും മുമ്പ് അദ്ദേഹത്തെ പുറത്താക്കി ബാഴ്സയിലെത്താൻ താത്പര്യമില്ലെന്നും ചാവി പറഞ്ഞു.