anil-murali

വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനായിരുന്നു അനിൽ മുരളി. കരൾ രോഗത്തെ തുടർന്ന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹം വിടവാങ്ങിയത്. ടെലിവിഷൻ സീരിയലുകളിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

സിനിമയെപോലെത്തന്നെ അദ്ദേഹത്തിന് വാഹനങ്ങളോടും വളരെയധികം പ്രിയമാണ്. യാത്രകൾ വളരെ സുഖകരമായിരിക്കണമെന്നും വണ്ടി വഴിയിൽ വച്ച് പിണങ്ങരുതെന്നും ആഗ്രഹിക്കുന്ന ആളായിരുന്നു അനിൽ മുരളി.

വണ്ടി ഓടിക്കണമെന്ന് ആഗ്രഹമുള്ള ആളായിരുന്നു താനെന്നും അങ്ങനെ പഠിച്ചതായിരുന്നു ഡ്രെെവിംഗെന്നും ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞിരുന്നു. താൻ സീറ്റ് ബെൽറ്റ് ധരിക്കാൻ ഒരു കാരണം ഉണ്ടെന്നും അനിൽ മുരളി വെളിപ്പെടുത്തി.

അനിൽ മുരളിയുടെ വാക്കുകൾ

ഒരു സിനിമയുടെ ഫംഗ്ഷൻ കഴിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് വരികയായിരുന്നു. സ്പീഡ് പോരെന്നും പറഞ്ഞ് ഞാൻ ഡ്രെെവറുടെ കയ്യിൽ നിന്ന് വണ്ടി വാങ്ങി ഓടിച്ചു. തലശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെത്തിയപ്പോൾ പൊലീസ് കെെയ് കാണിച്ചു. എന്താ സീറ്റ് ബെൽറ്റ് ഇടാത്തതെന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. സാർ എറണാകുളത്താരും സീറ്റ് ബെൽറ്റ് ഇടുന്നത് കണ്ടിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ഇവിടെ സീറ്റ് ബെൽറ്റ് ഇടണം ഇല്ലെങ്കിൽ ഫെെൻ അടയ്ക്കണമെന്നായി പൊലീസുകാരൻ. അങ്ങനെ ഫെെൻ അടച്ചു. അതിനു ശേഷം ആ പൊലീസുകാരനെ പിന്നീടൊരിക്കലും മറന്നിട്ടില്ല.