ക്രൈസ്റ്റ് ചർച്ച് : ഏതു സാഹചര്യത്തിലും സമചിത്തത കൈവിടാതെ ശാന്തമായി കൈകാര്യം ചെയ്യാനുള്ള ‘ക്യാപ്ടൻ കൂൾ' മഹേന്ദ്രസിംഗ് ധോണിയുടെ കഴിവ് വെളിപ്പെടുത്തുന്ന ഒരു സംഭവം വിവരിച്ച് മുൻ ഐ.സി.സി അമ്പയർ സൈമൺ ടോഫൽ. മലയാളി താരം ശ്രീശാന്ത് കൂടി ഉൾപ്പെടുന്ന ഈ സംഭവം ഇന്ത്യയുടെ 2010ലെ ദക്ഷിണാഫ്രിക്കൻ പര്യടന കാലത്ത് നടന്നതാണ്.
സംഭവം ഇങ്ങനെ
ഡർബനിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീശാന്ത് ഓവറുകൾ എറിഞ്ഞുതീർക്കാൻ കൂടുതൽ സമയമെടുത്തു. അന്ന് ഒരു ഓവർ എറിയാൻ ശ്രീശാന്ത് ഏതാണ്ട് 7–8 മിനിട്ടാണെടുത്തത്.ഇതോടെ ക്യാപ്ടനായിരുന്ന മഹേന്ദ്രസിംഗ് ധോണി കുറഞ്ഞ ഓവർ നിരക്കിന് പിടിക്കപ്പെട്ടു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ധോണിയെ കാണാനായി ടോഫലും സഹ അമ്പയറും ഇന്ത്യയുടെ ഡ്രസിംഗ് റൂമിലെത്തി ഓവർ നിരക്കിന്റെ കാര്യവും പിഴ ഈടാക്കുന്ന കാര്യവും ധോണിയുമായി സംസാരിച്ചു. ഡർബനിൽ നടക്കുന്ന അടുത്ത ടെസ്റ്റിലും ഓവർ നിരക്കിന്റെ പ്രശ്നം വന്നാൽ ഒരു കളിയിൽനിന്ന് വിലക്കേണ്ടി വരുമെന്ന് അറിയിച്ചു. ‘അതു കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം’ എന്നായിരുന്നു ധോണിയുടെ മറുപടി. ഒരു കളിയിൽനിന്ന് മാറിനിൽക്കുന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും പക്ഷേ, ശ്രീ ഈ ടെസ്റ്റിൽ കളിക്കുന്നില്ല. അതുകൊണ്ട് പ്രശ്നമില്ല’ എന്നും ധോണി പറഞ്ഞു’ – ടോഫൽ വിവരിച്ചു.
കസേര കൊള്ളാം
ഓവർ നിരക്കിനെക്കുറിച്ചും വിലക്കിനെക്കുറിച്ചും തങ്ങൾ സംസാരിക്കുമ്പോൾ ഇരിക്കുന്ന കസേരയുടെ ഗുണത്തെക്കുറിച്ചായിരുന്നു ധോണിയുടെ സംസാരമെന്നും ടോഫൽ പറയുന്നു. ഈ കസേര കൊള്ളാമെന്നും വീട്ടിൽ കൊണ്ടുപോയാലോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞു. പിഴ ഈടാക്കുന്ന കാര്യവും വിലക്കിന്റെ കാര്യവും പറയുമ്പോഴും അദ്ദേഹം വളരെ ശാന്തനായി മറ്റു കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. മറ്റുപലരും തർക്കിക്കാൻ വരുന്നിടത്താണ് ധോണി കൂളായിരുന്നതെന്നും ടോഫൽ ചൂണ്ടിക്കാട്ടി..