temple

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം സ്ഥലത്ത് സുരക്ഷയ്ക്കായി നിയാേഗിച്ചിരുന്ന പതിനഞ്ച് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്. ഇതാണ് ആശങ്ക കൂട്ടാൻ കാരണം.

പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലത്ത് പതിവായി പൂജചെയ്യുന്നവരിൽ ഒരാളാണ് ഇയാളെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

പൂജാരിക്കുൾപ്പെടെ രോഗം സ്ഥിരീകരിച്ചതോടെ ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലവും പരിസരവും ദിവസേന അണുവിമുക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ആശങ്കവേണ്ടെന്നാണ് അധികൃതർ പറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷയും മുൻകരുതലും വർദ്ധിപ്പിച്ചിട്ടുണ്ട്.

വി വി ഐ പികളുൾപ്പടെ ഇരുനൂറുപേർമാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. എൽ കെ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.