തിരുവനന്തപുരം: കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളും വീണ്ടും കേൾക്കാൻ കൊതിച്ച് സ്കൂൾ മുറ്റങ്ങൾ. കളിക്കൂട്ടുകാരെയും അക്ഷരങ്ങളുടെ അറിവ് സ്നേഹത്തിൽ ചാലിച്ച് പകരുന്ന പ്രിയ അദ്ധ്യാപകരെയും കാണാനാവാതെ, സ്കൂൾ മുറ്റത്ത് ഓടിക്കളിക്കാനുമാവാതെ കുട്ടികൾ. അദ്ധ്യയനം ഓൺലൈനിൽ തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ വല്ലാത്ത വീർപ്പുമുട്ടലിലാണ് കുരുന്നുകൾ മുതൽ കൗമാരക്കാർ വരെയുള്ള കുട്ടികൾ. ഒപ്പം,വിദ്യാലയ മുറ്റങ്ങളും...
കൊവിഡ് വ്യാപനത്തെ തുടർന്ന്, അവശേഷിച്ച വാർഷിക പരീക്ഷകൾ പോലും ഒഴിവാക്കി മാർച്ച് പകുതിയോടെ താഴിട്ടതാണ് സ്കൂൾ കവാടങ്ങൾ. മാസം നാല് കഴിഞ്ഞു. ജൂണിൽ തുടങ്ങിയ ഓൺലൈൻ പഠനം പലർക്കും മടുത്തുതുടങ്ങി. കൊവിഡ് വ്യാപനം ചുറ്റിലും ആശങ്ക നിറയ്ക്കുന്നു. ഇക്കൊല്ലം ഇനി ക്ലാസ് റൂമുകളിലിരുന്ന് പഠിക്കാനാവുമോ? കൂട്ടുകാരെയും അദ്ധ്യാപകരെയും നേരിൽ കാണാനാവുമോ? കുട്ടികൾ കാത്തിരിക്കുകയാണ്. ഇക്കൊല്ലം ഒന്നാം ക്ളാസിൽ ചേർന്ന കുരുന്നുകളുടെ കാര്യം അതിലും വിചിത്രം. സ്കൂളിൽ ചേരാൻ പോലും മാതാപിതാക്കൾക്കൊപ്പം പോകാനായില്ല.. എങ്ങനെയിരിക്കും സ്കൂൾ.?.. കൂട്ടുകാർ?
ഓൺലൈൻ ക്ലാസുകൾ സ്കൂളിലെ പഠനത്തിന് തുല്യമാകുന്നില്ല. പാഠഭാഗങ്ങൾ പൂർത്തിയാക്കാനും കൂടുതൽ സമയമെടുക്കുന്നു. 200 പ്രവൃത്തിദിവസങ്ങൾ തിരിച്ചുപിടിക്കാൻ വെക്കേഷൻ ഒഴിവാക്കിയാൽ പോലും സാധിക്കില്ലെന്ന് അദ്ധ്യാപകർ പറയുന്നു. 62 പ്രവൃത്തിദിവസങ്ങളാണ് ആഗസ്റ്റോടെ നഷ്ടമാവുന്നത്.
ആഗസ്റ്റിലും തുറക്കില്ല സ്കൂളുകൾ
സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ആഗസ്റ്റ് 31 വരെ തുറക്കേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെപ്തംബറിലും സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം അതിന്റെ പാരമത്യയിലേക്ക് എത്തുന്ന സമയമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളാണ്. അത് ശരിവയ്ക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന. അതിനാൽ തന്നെ കേന്ദ്രം അനുവദിച്ചാലും ഇവിടെ സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.
.
' വീടുകളിൽ ഒതുങ്ങുമ്പോൾ കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വളർച്ച തടസപ്പെടും. വെയിൽ കൊള്ളാത്തതുകൊണ്ട് വൈറ്റമിൻ ഡി കുറയും.
- ഡോ.അരുൺ ബി നായർ
സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്
' ഓൺലൈൻ ക്ലാസുകൾ പൂർണമായി ഗുണകരമല്ല.ഒരു അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത്' .- എം. സലാഹുദ്ദീൻ
ജനറൽ സെക്രട്ടറി, കെ.പി.എസ്.ടി.എ