ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ വിളിച്ചുകൂട്ടുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുെമന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർ. സുപ്രീംകോടതി വരെ നീണ്ട രാഷ്ട്രീയ അനിശ്‌ചിതത്വങ്ങൾക്ക് ശേഷം ആഗസ്റ്റ് ഒന്നിന് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ കൽരാജ് മിശ്ര അനുമതി നൽകുകയായിരുന്നു.
സച്ചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യമായി ജയ്പൂരിലേക്ക് മടങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ അണിയറയിൽ ആരംഭിച്ചു. ജയ്‌പൂരിലേക്കുള്ള മടക്കത്തിന് തങ്ങൾക്ക് സംരക്ഷണം വേണമെന്നാണ് എംഎൽ.എമാരുടെ പക്ഷം. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിമത എം.എൽ.എമാരിലൊരാൾ ദേശീയ മാദ്ധ്യമങ്ങളെ അറിയിച്ചു.
തങ്ങൾ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ജയ്‌പൂരിലേക്ക് മടങ്ങുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിമതർ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ അയോഗ്യരാകാനുള്ള സാദ്ധ്യതകളേറെയാണ്.
രാജസ്ഥാൻ നിയമസഭയിൽ 102 എം.എൽ.എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി ഗെലോട്ട് അവകാശപ്പെടുന്നു. തങ്ങളുടെ ഭാഗത്ത് 30 എം.എൽ.എമാരുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. എന്നാൽ ഇതുവരെ 19 പേർ മാത്രമാണ് വിമതർക്കൊപ്പം ഔദ്യോഗികമായി നിലനിൽക്കുന്നത്.
ഇതുവരെ വിമത ശബ്ദം ഉയർത്തി മുന്നണിയിൽ വരാത്തവർ സർക്കാരിനെതിരെ വോട്ട് ചെയ്താൽ അശോക് ഗെലോട്ടിന് അത് വലിയ തിരിച്ചടിയുണ്ടാകും. തങ്ങളുടെ പാർട്ടി വിപ്പ് ലംഘിച്ചതിന് വിമതരെ അയോഗ്യരാക്കാമെങ്കിലും നിയമം അനുസരിച്ച് സർക്കാർ ആദ്യം വീഴും. നിയമസഭാ സമ്മേളനത്തിന് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച നാല് കത്തുകളിലൊന്നിലും വിശ്വാസ വോട്ടെടുപ്പ് പരാമർശിച്ചിട്ടില്ല.