trump

വാഷിംഗ്ടൺ: മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡിന് ഫലപ്രദമാകുമെന്ന വാദം വീണ്ടുമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് നടന്ന പല ക്ലിനിക്കൽ പരീക്ഷണങ്ങളിലും ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഗുണമുണ്ടാക്കില്ലെന്ന് തെളിഞ്ഞെങ്കിലും ഒരിടവേളയ്ക്ക് ശേഷം മലേറിയ മരുന്നിനെ പിന്തുണച്ച് ട്രംപ് വീണ്ടും രംഗത്തെത്തുകയായിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ചികിത്സ ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞുവെന്നാണ് ട്രംപ് ആവർത്തിച്ചത്.

മേയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ട്രംപ് ദിവസേന മലേറിയ ഗുളിക കഴിച്ചിരുന്നു. 'പതിനാലുദിവസം ഞാൻ ഗുളിക കഴിച്ചു. ഇതുവരെ യാതൊരു കുഴപ്പവുമില്ല.'- ട്രംപ് പറഞ്ഞു.

അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ദ്ധനായ ഡോ.ആന്തണി ഫൗസിയുടെ കഴിവിനെയും ട്രംപ് ചോദ്യം ചെയ്തു.

ഇത് സംബന്ധിച്ച് ഫൗസി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുൻ വൈറ്റ് ഹൗസ് ഉപദേശകനായ സ്റ്റീവ് ബാനൻ പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റും ട്രംപ് ട്വിറ്ററിൽ പങ്കുവെച്ചു. ഗുളികയുടെ ഉപയോഗം നിറുത്താനുള്ള യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവിനെ ഫൗസി ഒരു ചാനൽ അഭിമുഖത്തിൽ സ്വാഗതം ചെയ്തിരുന്നു.
ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളിക കൊവിഡ് ചികിത്സയിൽ ഗുണം ചെയ്യുന്നില്ലെന്ന് ലോകത്ത് പല കേന്ദ്രങ്ങളിലായി നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെ അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് രോഗികൾക്ക് ഈ മരുന്ന് നൽകാനുള്ള അനുമതി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പിൻവലിച്ചിരുന്നു.