museum

തിരുവനന്തപുരം: ‌ഓർമ്മകളെ, പിന്നിട്ട ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സംസ്ഥാനത്തെ മ്യൂസിയങ്ങൾ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. സംസ്‌കാരങ്ങളെയും ചരിത്രത്തെയും വേറിട്ട രീതിയിൽ സമീപിച്ച് വൈവിദ്ധ്യമുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മെഗാ മ്യൂസിയങ്ങളും മീഡിയം മ്യൂസിയങ്ങളുമടക്കം 15 തീമാറ്റിക്,​ ഇന്ററാക്ടീവ് മ്യൂസിയങ്ങളാണ് സംസ്ഥാനത്താകെ സജ്ജമാക്കുക. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ മ്യൂസിയം ഹബ്ബായി കേരളം മാറും. ഇവയുടെ വിശദമായ പ്രോജക്‌ട് റിപ്പോർട്ട് (ഡി.പി.ആർ)​ രാജ്യത്തെ മ്യൂസിയം മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ തിരുവനന്തപുരത്തെ കേരള ചരിത്ര പൈതൃക മ്യൂസിയം തയ്യാറാക്കിക്കഴിഞ്ഞു. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മാറിക്കഴിഞ്ഞാൽ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

നവീന സാങ്കേതിക വിദ്യയുടെയും ആധുനിക സംവേദന ശീലങ്ങളുടെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന തീം മ്യൂസിയങ്ങൾ ആശയങ്ങളിലും ആവിഷ്‌കരണത്തിലും വ്യത്യസ്‌തമായിരിക്കും. മ്യൂസിയങ്ങളില്ലാത്തിടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനൊപ്പം ഇപ്പോഴുള്ള മ്യൂസിയങ്ങളെ തീമാറ്റിക് ആക്കുകയും ചെയ്യും. തലസ്ഥാനത്തെ നിയമസഭാ മ്യൂസിയത്തേയും തീമാറ്റിക്ക് ആക്കും. സർക്കാരിന് വേണ്ടി വിവിധ ഏജൻസികളൊരുക്കുന്ന മീഡിയം മ്യൂസിയങ്ങൾക്ക് 3.5 കോടിയും മെഗാ മ്യൂസിയത്തിന് ഏഴ് കോടിയുമാണ് ചെലവ്.

മീഡിയം മ്യൂസിയങ്ങൾ

 പത്തനംതിട്ട - ജില്ലാപൈതൃക മ്യൂസിയം

 ഇടുക്കി- ജില്ലാപൈതൃക മ്യൂസിയം

 കോട്ടയം - വൈക്കം സത്യഗ്രഹ മ്യൂസിയം
 പാലക്കാട് - ഭാരതപ്പുഴയെ കുറിച്ചുള്ള നിള മ്യൂസിയം

 തൃശൂർ - ജില്ലാപൈതൃക മ്യൂസിയം

 കണ്ണൂർ - ഗാന്ധി ‌സ‌്മൃതി,​ തെയ്യം, കൈത്തറി മ്യൂസിയങ്ങൾ
 കോഴിക്കോട് - കാലിക്കറ്റ് യൂണിവേഴ്സിറ്റി മ്യൂസിയം

മെഗാ മ്യൂസിയങ്ങൾ
 തിരുവനന്തപുരം ശ്രീപാദം കൊട്ടാരം
 കൊച്ചിയിലെ ബാസ്റ്റിയൻ ബംഗ്ളാവ്
 പാലക്കാട് ജില്ലാപൈതൃക മ്യൂസിയം

തീം മ്യൂസിയങ്ങൾ
ചരിത്രത്തേയും വസ്തുതകളേയും കുറിച്ചുള്ള പൊതുഅവബോധം നൽകുന്ന മ്യൂസിയങ്ങൾക്കെല്ലാം ഒരേ സ്വഭാവമാണ്. എന്നാൽ, തീം മ്യൂസിയങ്ങൾക്ക് ഓരോന്നിനും ഓരോ സ്വഭാവമായിരിക്കും. നവോത്ഥാനം പ്രമേയമാക്കുന്ന മ്യൂസിയമാണെങ്കിൽ അതേക്കുറിച്ച് മാത്രമുള്ള അറിവായിരിക്കും പകരുക. വിവരങ്ങളെ ഡിജിറ്റലായും അവതരിപ്പിക്കും.

തീം മ്യൂസിയങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മ്യൂസിയം ഹബ്ബായി കേരളം മാറും

ആർ. ചന്ദ്രൻ പിള്ള, എക്സിക്യുട്ടീവ് ഡയറക്ടർ,​ കേരള മ്യൂസിയം