ടോക്കിയോ: ചൈനീസ് വീഡിയോ ആപ്പായ ടിക്ടോക് നിരോധിക്കണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാകുന്നു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് കൈമാറിയെന്നാണ് വിവരം.
രാജ്യത്തെ വിവരങ്ങൾ ടിക്ടോക് മുഖേനെ ചൈന ചോർത്തുകയാണ്. ഇത് കണക്കിലെടുത്ത് ആപ്പിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി വ്യക്തമാക്കി. ടിക് ടോക് വഴി വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടാമെന്നും അമാരി പറഞ്ഞു.
ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തു. സദാചാരവിരുദ്ധമായ വീഡിയോകൾ പ്രചരിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാനും ടിക്ക് ടോക് നിരോധിക്കാനൊരുങ്ങുകയാണ്.