covid-vaccine

ബ്രിട്ടൻ: ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ ബ്രിട്ടനിലെ ഗ്ളാക്സോ സ്‌മിത്ത് കെലൈൻ, ഫ്രാൻസിലെ സനോഫി പാസ്ചർ എന്നീ കമ്പനികളിൽ നിന്ന് 600 ലക്ഷം കൊവിഡ് വാക്സിൻ വാങ്ങാൻ കരാറൊപ്പിട്ട് ബ്രിട്ടീഷ് ഗവൺമെന്റ്. അടുത്തവർഷം ആദ്യ പകുതിയോടെ വാക്‌സിൻ ലഭ്യമാക്കുമെന്നാണ് വിവരം.വാക്സിന് വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുന്ന നാലാമത്തെ കരാറാണിത്.ഡി.എൻ.എ അടിസ്ഥാനമായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സനോഫിയുടെ സീസണൽ ഫ്ളൂ വാക്സിൻ വിജയമായാൽ, ആദ്യം ആരോഗ്യപ്രവർത്തകർക്ക് നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു.നേരത്തെ ഒമ്പത് കോടി ഡോസ് കൊവിഡ് വാക്സിൻ വാങ്ങാൻ ബ്രിട്ടൻ ഗവേഷണ സ്ഥാപനങ്ങളുമായി കരാർ ഒപ്പുവച്ചിരുന്നു. വാക്സിൻ ഗവേഷണം നടത്തുന്ന ഫൈനസർ ഇൻകോർപറേഷൻ, ബയോ എൻടെക് അലയൻസ്, ഫ്രഞ്ച് കമ്പനിയായ വൽനെവ എന്നിവയുമായാണ് ബ്രിട്ടീഷ് സർക്കാ‌ർ കരാറിലെത്തിയത്. ബയോ എൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ മൂന്ന് കോടി ഡോസാണ് ബ്രിട്ടൻ വാങ്ങുന്നത്. വൽനെവയുടെ വാക്സിൻ ആറ് കോടി ഡോസും വാങ്ങും.

വാക്സിൻ സുരക്ഷിതവും അനുയോജ്യവുമാണെന്ന് തെളിയിക്കപ്പെട്ടാൽ നാല് കോടി ഡോസ് കൂടി വാങ്ങും. എത്ര തുകയ്ക്കാണ് കരാർ ഒപ്പുവച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ 10 കോടി ഡോസ് വാക്സിൻ നിർമ്മിക്കാനായി ബ്രിട്ടീഷ് സർക്കാർ അസ്ട്രസനെക കമ്പനിയുമായി കരാറിലെത്തിയിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്‍സിറ്റിയുമായി ചേർന്നാണ് അസ്ട്രസനെക വാക്സിൻ വികസിപ്പിക്കുന്നത്.