broad

ഒരു പക്ഷേ യുവ്‌രാജ് സിംഗിന്റെ ആറടിയിൽ ഒതുങ്ങിത്തീർന്നേനെ സ്റ്റുവർട്ട് ബ്രോഡ് എന്ന 21കാരൻ ഇംഗ്ളീഷ് പേസറുടെ കരിയർ. ഒരോവറിലെ ആറു പന്തുകളിലും സിക്സർ ഏറ്റുവാങ്ങിയപ്പോൾ അയാൾക്ക് ദാരുണമായി വേദനിച്ചിട്ടുണ്ടാകാം. എന്നാൽ കളി നിറുത്തിപ്പോയില്ല. വീണ്ടും പന്തുകൾ എറിഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ ടെസ്റ്റ് 500 വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ഇംഗ്ളീഷ് ബൗളറായി സ്റ്റുവർട്ട് ചരിത്രം കുറിച്ചു. ഇൗ തിരിച്ചുവരവിനെ ആഘോഷമാക്കാൻ മറ്റൊരു തിരിച്ചുവരവ് കഥയുടെ അകമ്പടി കൂടിയുണ്ട് ബ്രോഡിന്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് ബ്രോഡ് ഒഴിവാക്കപ്പെട്ടു. ഇത്രയും മത്സരങ്ങൾ കളിച്ചതന്നെ താത്കാലിക മായി ക്യാപ്ടനാക്കിയ ആൾ ഒഴിവാക്കാൻ താത്പര്യപ്പെട്ടപ്പോൾ അതിനെതിരെ പരസ്യമായി പ്രതികരിക്കാൻ ബ്രോഡ് മടിച്ചില്ല.അച്ചടക്ക നടപടിയാണ് പ്രതീക്ഷിച്ചതെങ്കിലും മറ്റൊരു പേസർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് വിലക്കപ്പെട്ടയിനാലും മറ്റുരണ്ടുപേർക്ക് വിശ്രമം അനുവദിച്ചതിനാലും ബ്രോഡിനെ കളിപ്പിക്കേണ്ട നിർബന്ധിതാവസ്ഥ ടീം മാനേജ്മെന്റിനായി.

അങ്ങനെ കിട്ടിയ അവസരത്തിലാണ് ബ്രോഡ് തന്റെ വില എന്താണെന്ന് കാട്ടിക്കൊടുത്തത്. മൂന്ന് മത്സര പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ച രണ്ട് ടെസ്റ്റുകളി നിന്നുമായി 16 വിക്കറ്റുകളും ഒരു അർദ്ധസെഞ്ച്വറിയുമായി മാൻ ഒഫ് ദ സിരീസാവുകയായിരുന്നു ബ്രോഡ്. കരിയറിൽ 500 ടെസ്റ്റ് വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതിനൊപ്പം മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം ടെസ്റ്റിലെ മാൻ ഒഫ് ദ മാച്ച് പുരസ്കാരവും ബ്രോഡ് ഏറ്റുവാങ്ങി.

2007ലെ ബ്രോഡ്

പ്രഥമ ട്വന്റി-20 ലോകകപ്പിനെത്തുമ്പോൾ സ്റ്റുവർട്ട് ബ്രോഡിന് പ്രായം 21. ഇംഗ്ളണ്ട് ടീമിലെത്തിയിട്ട് ഒരു കൊല്ലം കഷ്ടി. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടുമില്ല.അന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ എന്തിനാണ് യുവി അങ്ങനെ പ്രഹരിച്ചതെന്ന് ഇപ്പോഴും ബ്രോഡിന് മനസിലായിട്ടുണ്ടാവില്ല. താൻ മോശമായി പന്തെറിഞ്ഞപ്പോഴല്ല യുവി സിക്സിന് പറത്തിയതെന്ന് മാത്രം ബ്രോഡിനറിയാം. ബ്രോഡ് പന്തെറിയാൻ എത്തുന്നതിന് തൊട്ടുമുമ്പ് ഇംഗ്ളണ്ട് താരം ആൻഡ്രൂ ഫ്ളിന്റോഫ് യുവിയെ ഒന്ന് ചൊറിഞ്ഞിരുന്നു.ആ ദേഷ്യത്തിൽ ഭ്രാന്തുപിടിച്ചതുപോലെ പെരുമാറുകയായിരുന്നു യുവി. തന്റേതല്ലാത്ത തെറ്റിന് പഴികേൾക്കേണ്ടി വന്ന കുട്ടിയുടേതുപോലെയായി ബ്രോഡിന്റെ സങ്കടം.

അന്ന് തീർന്നുപോകേണ്ടതായിരുന്നു ആ കരിയർ. പക്ഷേ സ്റ്റുവർട്ട് നിറുത്തിയില്ല. ഒൗട്ടായി മടങ്ങുന്നതോടെ ബാറ്റ്സ്മാന്റെ കളി തീരും. പക്ഷേ എറിയാൻ ഒാവറുകൾ ബാക്കി നിൽക്കുമ്പോൾ ബൗളർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം. തനിക്കുവേണ്ടി വീഴാൻ വിധിക്കപ്പെട്ടിരുന്ന വിക്കറ്റുകളിലേക്ക് അയാൾ കടന്നുവരികതന്നെ ചെയ്തു.ട്വന്റി-20യെയും ഏകദിനത്തെയുംകാൾ ടെസ്റ്റിന്റെ പരീക്ഷണ വഴികളാണ് സ്റ്റുവർട്ട് ഇഷ്ടപ്പെട്ടത്. അവിടെ മഹാപ്രതിഭയായി മാറാനും കഴിഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെയാവണം, സ്റ്റുവർട്ട് 500 വിക്കറ്റുകൾ തികച്ച ദിവസവും ആ പഴയ ആറു സിക്സുകൾ ഒാർമ്മിപ്പിച്ച് അയാളെ ട്രോളാൻ ശ്രമിച്ചവരെ ശാസിച്ച് യുവ്‌രാജ് തന്നെ രംഗത്തെത്തിയത്. ഇന്ന് അയാളുടെ ദിവസമാണ്. അയാൾ ആഘോഷിച്ചോട്ടേ..ഇന്നെങ്കിലും ആ പഴങ്കഥ പാടിനടക്കരുത് എന്നാണ് യുവി ആരാധകരെ ഒാർമ്മിപ്പിച്ചത്.

അച്ഛൻ ബ്രോഡ്

മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റിൽ സ്റ്റുവർട്ട് ചരിത്ര നേട്ടം സ്വന്തമാക്കുമ്പോൾ ഗാലറിയിൽ കാണികളില്ലായിരുന്നു. എന്നാൽ അതിന്റെ സങ്കടം മറികടക്കാൻ സ്റ്റുവർട്ടിന് ഒറ്റയൊരാളുടെ കയ്യടി ശബ്ദം മതിയായിരുന്നു, ആ മത്സരത്തിന്റെ മാച്ച് റഫറി കൂടിയായ സ്വന്തം പിതാവ് ക്രിസ് ബ്രോഡിന്റെ. ഇംഗ്ളണ്ടിന്റെ മുൻ ബാറ്റ്സ്മാനായ ക്രിസ് ഇതാദ്യമായല്ല മകൻ കളിക്കുന്ന മത്സരത്തിന്റെ മാച്ച് റഫറി ആകുന്നത്. ഇൗ അവിസ്മരണീയ മുഹൂർത്തത്തിലും അദ്ദേഹം ഒൗദ്യോഗിക ചുമതലകളിൽ മകനാെപ്പമുണ്ടായിരുന്നു.

2007 ലോകകപ്പിലെ കശാപ്പിന് ശേഷം ക്രിസ് യുവിയെക്കണ്ടപ്പോൾ പറഞ്ഞതിങ്ങനെയാണ്. '' എന്തായാലും നീ എന്റെ മകന്റെ കരിയർ നശിപ്പിച്ചു കളഞ്ഞു. സാരമിള്ള, നീ ഒപ്പുവച്ച ഒരു ജഴ്സ് ഇങ്ങു തരൂ. ഞാനവന് കൊടുക്കാം. അവന് സന്തോഷമാകട്ടെ". ആ വാക്കുകൾ യുവിയുടെ ഹൃദയത്തിലും തറച്ചു. ഒരു ചെറു കുറിപ്പോടെയാണ് യുവി ജഴ്സി കെെമാറിയത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു, '' പ്രിയ സുഹൃത്തേ, ഒരോവറിൽ അഞ്ചു സിക്സിന് ശിക്ഷിക്കപ്പെട്ടവനാണ് ഞാൻ. താങ്കളുടെ വേദന എനിക്ക് മറ്റാരേയുംകാൾ നന്നായി മനസിലാകും. ഇൗ വിഷമമെല്ലാം മറന്ന് വീണ്ടും കളിക്കുക. ശോഭനമായൊരു ഭാവി താങ്കളെ കാത്തിരിപ്പുണ്ട് " യുവിയുടെ ആ വാക്കുകളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ബ്രോഡിന്റെ വീരഗാഥ

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് 16 വിക്കറ്റുകൾ നേടിയെടുത്ത ബ്രോഡ് ഐ.സി.സി ബൗളിംഗ് റാമങ്കിംഗിൽ പത്താം സ്ഥാനത്തുനിന്ന് നിന്ന് ഏഴ്പടവുകൾ ചാടിക്കയറി മൂന്നാമതെത്തി.

ഐ.സി.സി റാങ്കിംഗിൽ മുൻ ഒന്നാം റാങ്കുകാരനായ ബ്രോഡ് 2016 ആഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന റാങ്കിലെത്തുന്നത്. ബാറ്റ്സ്മാന്മാരുടെ പട്ടികയിലും ഏഴ് പടവുകൾ കയറിയ ബ്രോഡ് ആൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്ന് പടവുകൾ കയറി 11-ാമതെത്തി.

ഇംഗ്ലണ്ട് 113 റൺസിന് ജയിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകളുമായി തിളങ്ങിയ ബ്രോഡ് മൂന്നാമത്തെയും അവസാനെത്തെയും ടെസ്റ്റിൽ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് 269 റൺസ് ജയവും പരമ്പരയുമാണ്. ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു. മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്.

ഒന്നാം ഇന്നിംഗ്സിൽ ബ്രോഡ് ബാറ്റിംഗിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്.

ഒന്നാം ഇന്നിംഗ്സിൽ 31 റൺസ് വഴങ്ങി ബ്രോഡ് ആറു വിക്കറ്റെടുത്തിരുന്നു. കരിയറിൽ ബ്രോഡിന്റെ 18-ാം അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.

പരമ്പരയിൽ ആകെ 16 വിക്കറ്റുകൾ വീഴ്ത്തിയ ബ്രോഡാണ് വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. പരമ്പരയിലെ വെറും രണ്ടു ടെസ്റ്റുകളിൽ നിന്നാണ് താരം 16 വിക്കറ്റുകൾ വീഴ്ത്തിയത്.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ബ്രോഡ് ഒന്നാമതെത്തി. 11 ടെസ്റ്റുകളിൽ നിന്ന് 53 വിക്കറ്റുകളാണ് ബ്രോഡിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്.

10 ടെസ്റ്റിൽ നിന്ന് 49 വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെയാണ് ബ്രോഡ് പിന്നിലാക്കിയത്.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിൻഡീസ് ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ പുറത്താക്കിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് താണ്ടിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്.

2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റായിരുന്നു .

ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്, നാലാമത്തെ ഫാസ്റ്റ് ബൗളറും.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തിയവരിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ നിന്ന് ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്.

മുത്തയ്യ മുരളീധരൻ (87 ടെസ്റ്റ്), അനിൽ കുംബ്ലെ (105), ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110), കോർട്ട്നി വാൽഷ് (129), ജെയിംസ് ആൻഡേഴ്സൻ (129) എന്നിവരാണ് വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയവർ.

അപൂവ മികവുകളുള്ള പ്രതിഭയാണ് സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ ഏറ്റവും അപകടകാരിയായ എതിരാളി ബ്രോഡ് തന്നെ.

- റിക്കി പോണ്ടിംഗ്, മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ

രാജ്യം കണ്ട ഏറ്റവും മികച്ച രണ്ട് പേസർമാരാണ് സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും.ഇരുവർക്കുമൊപ്പം കളിക്കാൻ കഴിയുന്നതുതന്നെ ഭാഗ്യം. തന്നെ ഒഴിവാക്കിയേടത്തു നിന്ന് ചരിത്ര നേട്ടത്തിലേക്ക് എത്തിയത് തന്നെ ബ്രോഡിന്റെ മഹത്വം വിളിച്ചോതുന്നു.

ജോ റൂട്ട്, ഇംഗ്ളണ്ട് ക്യാപ്ടൻ