covid-updates

കൊവിഡ് മൂലം ജോലി നഷ്ടമായ ഫിലിപ്പിൻസ് സ്വദേശി ഒരു നേരത്തെ ഭക്ഷണം വാങ്ങുന്നതിനായി തെരുവിൽ യാചിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലിലും കൊവിഡ് മരണതാണ്ഡവം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69,074 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1595 മരണവും.

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.

ഇതോടെ ബ്രസീലിലെ ആകെ രോഗികൾ കാൽകോടി കടന്നു. മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ ആകെ രോഗികൾ 25,55,518. ആകെ മരണം 90,188.

എന്നാൽ യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലുമേറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സാവോപോളോയിൽ ഓൺലൈൻ റിപ്പോർട്ടിംഗ് സിസ്റ്റത്തിന്റെ തകരാർ മൂലം യഥാർത്ഥ കണക്കുകളല്ല പുറത്തുവിടുന്നതെന്നും ആരോപണമുണ്ട്.

ജൂലായ് മുതൽ രാജ്യത്ത് പ്രതിദിനം ആയിരത്തിന് മുകളിൽ കൊവിഡ് മരണം സംഭവിക്കുന്നുണ്ട്. പ്രതിദിനരോഗികൾ ശരാശരി 30,000ത്തിന് മുകളിലാണ്. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്കെതിരെ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
അമേരിക്ക, ഇന്ത്യ, റഷ്യ, എന്നിവിടങ്ങളിലും രോഗബാധ ഏറ്റവും രൂക്ഷമായി തുടരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് കുറവാണ്. അമേരിക്കയിൽ ഫ്ലോറിഡ, കാലിഫോർണിയ,ടെക്സാസ് എന്നിവിടങ്ങളിലാണ് രോഗവ്യാപനവും മരണവും പാരമ്യത്തിൽ എത്തിയിരിക്കുന്നത്. രാജ്യത്ത് ഓരോ മിനിറ്റിലും ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ആകെ മരണം ഒന്നര ലക്ഷം കവിഞ്ഞു.

 ചൈനയിൽ നൂറോളം കേസുകൾ

ചൈനയിൽ ഇന്നലെ 105 പേർക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം 101 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.

 കൊവിഡ് മീറ്റർ

 ലോകത്താകെ മരണം - 6,70,907

 രോഗികൾ - 1,72,13,220

 രോഗമുക്തർ - 1,07,26,524

രാജ്യം - രോഗികൾ - മരണം

 അമേരിക്ക - 45,68,375 - 1,53,848

 ബ്രസീൽ - 25,55,518 - 90,188

 ഇന്ത്യ - 15,88,129 - 35,036

 റഷ്യ - 8,34,499 - 13,802