കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയുടെ മൂന്നാം ഘട്ട നവീകരണ ജോലികൾ തുടങ്ങി. അമ്പലത്തുംകാല മുതൽ പുനലൂർ വരെയുള്ള നവീകരണമാണ് നടക്കുന്നത്. കൊട്ടാരക്കര കിഴക്കേത്തെരുവിൽ റോഡിന്റെ ഉയരം കുറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ടാറിംഗ് പൂർണമായും ഇളക്കി മാറ്റി റോഡ് താഴ്ത്തുകയാണിപ്പോൾ. ഒരു വശത്തെ ജോലികൾ പൂർത്തിയാക്കിയ ശേഷം മറുവശത്തേക്ക് കടക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഗതാഗതത്തിന് തടസമുണ്ടാകുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിരത്തിൽ വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. റോഡ് രണ്ട് നിര ടാറിംഗ് നടത്തി ബലപ്പെടുത്താനാണ് 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൊല്ലത്ത് നിന്നും അമ്പലത്തുംകാലവരെ നേരത്തേ ടാറിംഗ് ഉൾപ്പടെ നടത്തി റോഡ് മെച്ചപ്പെടുത്തിയിരുന്നു. ഓടകളും നവീകരിച്ച് മേൽമൂടികൾ സ്ഥാപിച്ചു. രണ്ടുകോടി രൂപ മുടക്കി കൊട്ടാരക്കര പട്ടണത്തിൽ ഓടകൾ നവീകരിക്കുകയും നടപ്പാതകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ജോലികൾ പൂർത്തീകരിച്ചുവരികയാണ്.
പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള നവീകരണം പൂർത്തീകരണ ഘട്ടത്തിലാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 35 കോടി രൂപയുടേതായിരുന്നു ഈ പദ്ധതി. അമ്പലത്തുംകാല നിന്നും പുനലൂർ വരെയുള്ള റോഡ് പലയിടത്തും തീർത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ടാറിംഗ് ഇളകി മാറിയത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അമ്പലത്തുംകാലയ്ക്കും പുനലൂരിനും ഇടയിലെ 25 കിലോമീറ്റർ ദൂരമാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നാല് കലുങ്കുകൾ പൊളിച്ച് പുതിയത് നിർമ്മിക്കും. ചേത്തടിയിൽ ഓടയുടെ നവീകരണ ജോലികളും തുടങ്ങിയിട്ടുണ്ട്. ഓടകൾ പുനർ നിർമ്മിച്ച് മേൽമൂടി സ്ഥാപിക്കും. കുന്നിക്കോട് അടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ നടപ്പാതയുമൊരുക്കും. കുന്നിക്കോട് പച്ചിലവളവിൽ റീടെയിനിംഗ് വാൾ കോൺക്രീറ്റിൽ നിർമ്മിക്കും.
മൂന്ന് കോടി രൂപയും കൂടി അധികമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മൂന്നാം ഘട്ടത്തിന് ആകെ 43 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുക.