court

കൊച്ചി: കൊച്ചി നഗരത്തിലെ വെളളക്കെട്ട് പ്രശ്നത്തിൽ കളക്ടറോടും കോർപ്പറേഷനോടും ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്കുമുമ്പ് റിപ്പോർട്ട് നൽണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് കേസ് വീണ്ടും പരിഗണിക്കും. വെളളക്കെട്ട് നീക്കാൻ നഗരസഭയ്ക്ക് കഴിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർക്ക് ഇടപെടാമെന്നും മുല്ലശ്ശേരി കനാലിന്റെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിവേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വെളളക്കെട്ട് പരിഹരിക്കാൻ നാലുവർഷംകൊണ്ട് കൊച്ചി കോർപ്പറേഷനും ജില്ലാഭരണകൂടവും 44 കോടിരൂപയാണ് ചെലവാക്കിയത്. പക്ഷേ, പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. കഴിഞ്ഞദിവസത്തെ മഴയിലും കെ എസ് ആർ ടി സി സ്റ്റാൻഡ് ഉൾപ്പടെയുളള പ്രദേശങ്ങളിൽ വെളളം കയറി. മാനത്ത് മഴകണ്ടാൽ വെളളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ് നഗരത്തിലെ പല പ്രദേശങ്ങളും. കാനകളും കനാലുകളും അടഞ്ഞുകിടക്കുന്നതാണ് വെളളക്കെട്ടിന് കാരണമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുളള ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നും അവർ പറയുന്നു.