gold

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മൂലം 2020ന്റെ ആദ്യ പകുതിയിൽ ആഗോള സ്വർണാഭരണ ഡിമാൻഡ് 46 ശതമാനം ഇടിഞ്ഞു. സ്വർണവിലയുടെ റെക്കാഡ് മുന്നേറ്രവും തിരിച്ചടിയായി. 572 ടൺ ആഭരണങ്ങളാണ് ഈവർഷം ജനുവരി-ജൂണിൽ വിറ്റഴിഞ്ഞത്. മൊത്തം സ്വർണ ‌ഡിമാൻഡ് ഇക്കാലയളവിൽ ആറു ശതമാനം താഴ്‌ന്ന് 2,​076 ടണ്ണിലെത്തിയെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

സാങ്കേതിക ആവശ്യങ്ങൾക്കുള്ള സ്വർണ ഡിമാൻഡ് 13 ശതമാനം ഇടിഞ്ഞ് 140 ടണ്ണിലൊതുങ്ങി. സ്വർണനാണയം,​ സ്വർണക്കട്ടി എന്നിവയുടെ ഡിമാൻഡ് 397 ടണ്ണായിരുന്നു; ഇടിവ് 17 ശതമാനം. കേന്ദ്ര ബാങ്കുകളും ഈവർഷം സ്വർണം വാങ്ങിക്കൂട്ടുന്നത് കുറച്ചു. 39 ശതമാനം കുറവോടെ 233 ടണ്ണാണ് അവർ വാങ്ങിയത്. ആഗോള സ്വർണലഭ്യത ജനുവരി-ജൂണിൽ ആറു ശതമാനം താഴ്‌ന്ന് 2,​192 ടണ്ണിലെത്തി. ഏപ്രിൽ-ജൂണിൽ ലഭ്യതക്കുറവ് 15 ശതമാനമായിരുന്നു.

ഇന്ത്യയിലും പ്രിയമില്ല

സമ്പ‌ദ്‌ഞെരുക്കവും വിലക്കയറ്റവും ലോക്ക്ഡൗണും ഇന്ത്യയിലെ ഡിമാൻഡിനെയും വില്പനയെയും ബാധിച്ചു. 56 ശതമാനം നഷ്‌ടവുമായി 165.6 ടണ്ണാണ് ജനുവരി-ജൂൺ ഡിമാൻഡ്. ഏപ്രിൽ-ജൂണിൽ ഡിമാൻഡ് 70 ശതമാനം കുറഞ്ഞ് 63.7 ടണ്ണായി. 213.2 ടണ്ണായിരുന്നു 2019ലെ സമാനപാദത്തിൽ. ഡിമാൻഡ് മൂല്യം 62,​420 കോടി രൂപയിൽ നിന്ന് 57 ശതമാനം താഴ്‌ന്ന് 26,​000 കോടി രൂപയായി.

സ്വർണാഭരണ വില്പന 168.6 ടണ്ണിൽ നിന്ന് 74 ശതമാനം താഴ്‌ന്ന് 44 ടണ്ണിലെത്തി. 49,​380 കോടി രൂപയിൽ നിന്ന് 18,​350 കോടി രൂപയിലേക്കാണ് വില്പനമൂല്യം താഴ്‌ന്നത്; നഷ്‌ടം 63 ശതമാനം. നിക്ഷേപങ്ങൾ 56 ശതമാനം ഇടിഞ്ഞു. 247.4 ടണ്ണിൽ നിന്ന് ഇറക്കുമതി 95 ശതമാനം ഇടിഞ്ഞ് 11.6 ടണ്ണിലുമെത്തി.

ഇ.ടി.എഫിനോട് ഇഷ്‌ടം

കൊവിഡ് പ്രതിസന്ധി എന്നൊഴിയുമെന്ന് വ്യക്തമല്ലാത്തതിനാൽ,​ ആഗോളതലത്തിൽ സുരക്ഷിത നിക്ഷേപമെന്ന പെരുമ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കുണ്ട് (ഗോൾഡ് ഇ.ടി.എഫ്)​. ജനുവരി-ജൂണിൽ സർവകാല റെക്കാഡായ 734 ടൺ നിക്ഷേപമാണ് ഇ.ടി.എഫുകളിലേക്ക് എത്തിയത്. 2009ൽ കുറിച്ച 646 ടണ്ണിന്റെ റെക്കാഡ് ഈവർഷം ആദ്യ പകുതിയിൽ തന്നെ പഴങ്കഥയായി. മൊത്തം ഇ.ടി.എഫ് നിക്ഷേപം 3,​621 ടണ്ണാണ്.

വില മേലോട്ട്;

പവന് ₹39,​720

സ്വർണവില കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് പവൻ വില ഇന്നലെ 320 രൂപ വർദ്ധിച്ച് 39,​720 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് വില 4,​965 രൂപ. 40,​000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 280 രൂപ മാത്രം അകലെയാണ് പവൻ. 5,​000 രൂപ ഭേദിക്കാൻ ഗ്രാമിന് വേണ്ടത് 35 രൂപ മാത്രം.

₹10,​720

ഈവർഷം ജനുവരി മുതൽ ജൂലായ് 30 വരെയായി പവന് വർദ്ധിച്ചത് 10,​720 രൂപയാണ്. ഗ്രാമിന് 3,​920 രൂപയും. കഴിഞ്ഞ 25 ദിവസത്തിനിടെ മാത്രം പവന് 3,​920 രൂപ കൂടി; ഗ്രാമിന് 490 രൂപയും.

₹44,​300

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ ഇപ്പോൾ നൽകേണ്ട വില,​ എട്ട് ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കണക്കാക്കിയാൽ 44,​300 രൂപയാണ്.

415 ടൺ

ഈവർഷം (2020)​ ഇന്ത്യയിലെ സ്വർണ ഉപഭോഗം 26 വർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞേക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. 1994ൽ ഡിമാൻഡ് 415 ടണ്ണായിരുന്നു.