kamala-harris

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെ‌ടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കേ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ് വരുമെന്ന അഭ്യൂഹം ശക്തമായി.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡൻ കമലയെ നിർദ്ദേശിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൈഡന്റെ കൈയിലുണ്ടായിരുന്ന കുറിപ്പാണ് ഇതിന് കാരണം. ആ കുറിപ്പിൽ ആദ്യ പേരായി കുറിച്ചത് കമലാ ഹാരിസ് എന്നാണ്. കാമ്പെയിന് സഹായിക്കുന്നു, എല്ലാവരോടും മാന്യമായും സമന്മാരോടെന്ന പോലെയും പെരുമാറുന്നു എന്നൊക്കെ എഴുതിയിരുന്നു. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയുടെ പേര് ചർച്ചകളിൽ സജീവമായത്. താൻ വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിർദ്ദേശം ചെയ്യുവെന്ന് ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം ബൈഡൻ സ്വജന പക്ഷപാതിയാണെന്ന് കമല വിമർശിച്ചിരുന്നു. ആ ആരോപണത്തിനുള്ള മറുപടിയാണ് ഇതെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

ആഗസ്റ്റ് ആദ്യവാരത്തോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളാരെന്ന് വ്യക്തമാകും.

78കാരനായ ബൈഡൻ പ്രസിഡന്റായാൽ അമേരിക്കയിലെ ഏറ്റവും മുതിർന്ന പ്രസിഡന്റെന്ന പദവിക്ക് അർഹനാകും. അതുമാത്രമല്ല രണ്ടാം ടേമിൽ മത്സരിക്കില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. അങ്ങനെ വരുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കാവും സ്വാഭാവികമായി അവസരം ലഭിക്കുക. 55കാരിയായ കമലാ ഹാരിസ് യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരുമോയെന്ന് കാത്തിരുന്ന് കാണാം.

 കമലാ ഹാരിസ്

 ഡൊണാൾഡ് ഹാരിസിന്റെയും ശ്യാമള ഗോപാലന്റെയും മകളായി അമേരിക്കയിൽ ജനിച്ചുവളർന്നു.

 2011 മുതൽ 2017 വരെ കാലിഫോർണിയ അറ്റോർണി ജനറൽ

 2017 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയർ സെനറ്റർ.

 ഡഗ്ളസ് എംകോഫാണ് ഭർത്താവ്.

 രണ്ട് സഹോദരിമാരുണ്ട് മായ ഹാരിസ്, മീന ഹാരിസ്.