rape

നീലേശ്വരം: തൈക്കടപ്പുറത്ത് പീ‌ഡനത്തിന് വിധേയായ പതിനാറുകാരിക്ക് ഗർഭച്ഛിദ്രം നടത്തിയതിന്റെ മുഖ്യതെളിവായി വീട്ടുപറമ്പിൽ കുഴിച്ചിട്ട ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തി. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ശാന്ത് എസ്.നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കേസിൽ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുർഗ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തതിനെത്തുർന്ന് ചോദ്യം ചെയ്തപ്പോഴാണ്‌ ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പീഡനക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തെ തുടർന്നാണ് പിതാവിനെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഗർഭഛിദ്രത്തിന് ശേഷം ഭ്രൂണം വീട്ടുപറമ്പിൽ കുഴിച്ചിട്ടതായി ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയർ ഷോപ്പ് ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവർ അറസ്റ്റിലായതോടെ പണത്തിനുവേണ്ടി പെൺകുട്ടിയെ കൈമാറിയതാണെന്ന് വ്യക്തമായിട്ടുണ്ട്.

കേസിൽ ഏഴ് പ്രതികളാണുള്ളത്. കർണാടക സുള്ള്യ സ്വദേശിയും മുൻ മദ്രസ അദ്ധ്യാപകനുമായ പിതാവ് ഉൾപ്പെടെ ആറുപേരെ ഇതിനകം അറസ്റ്റുചെയ്തു. പടന്നക്കാട് സ്വദേശിയായ ക്വിന്റൽ മുഹമ്മദിനെയാണ് പിടികിട്ടാനുള്ളത്. ഇയാൾ കർണാടകത്തിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം നിലവിലുള്ളതിനാൽ അന്വേഷണസംഘത്തിന് കർണാടകത്തിലേക്ക് പോകാൻ കഴിയാത്തതിനാലാണ് പ്രതിയെ പിടികൂടാൻ വൈകുന്നത്.