കൊല്ലം: കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള റോഡുകൾ അടച്ചപ്പോൾ യാത്രക്കായി യുവാക്കൾ തെരഞ്ഞെടുത്തത് റെയിൽവേ ട്രാക്ക്. ബൈക്കിൽ ഈ സാഹസിക യാത്ര നടത്തിയ രണ്ട് യുവാക്കളെ ആർ.പി.എഫ് തെരയുകയാണിപ്പോൾ. കൊല്ലം വവ്വാക്കാവിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുനാഗപ്പള്ളിക്ക് സമീപം വവ്വക്കാവ് റെയിൽവേ ഗേറ്റിൽ നിന്ന് കടത്തൂർ ശാസ്താംപൊയ്ക കനാൽഗേറ്റ് വരെയായിരുന്നു യുവാക്കൾ ട്രാക്കിലൂടെ സാഹസികയാത്ര നടത്തിയത്. വവ്വാക്കാവ് റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പർ അറിയിച്ചതനുസരിച്ച് ശാസ്താംപൊയ്കയിലെ ഗേറ്റിൽ കാത്തുനിന്ന ഗേറ്റ് കീപ്പർ അരുൺ ബൈക്ക് തടഞ്ഞു. തുടർന്ന് വിവരം അരുൺ റെയിൽവേ പൊലീസിനെ അറിയിച്ചതോടെ വാഹനം ഉപേക്ഷിച്ച് യുവാക്കൾ സ്ഥലംവിട്ടു. തുടർന്ന് കായംകുളം ആർ.പി.എഫ് സ്റ്റേഷനിൽ നിന്ന് എ.എസ്.ഐ ഷാജിയുടെ നേതൃത്വത്തിലെത്തിയ പൊലീസുകാർ വാഹനം കസ്റ്റഡിയിലെടുത്ത് ഇവിടേക്ക് മാറ്റി. രജിസ്ട്രേഷൻ നമ്പറനുസരിച്ച് പന്മന സ്വദേശിയുടേതാണ് ബൈക്ക്. വാഹനം ഓടിച്ചിരുന്നത് ഉടമയാണോയെന്ന് വ്യക്തമല്ല. റെയിൽവേ ആക്ട് 154, 147 വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ആർ.പി.എഫ് ഇൻസ്പെക്ടർ രജനി വെളിപ്പെടുത്തി.