കംപാല: ഉഗാണ്ടയിലെ അപൂർവ സിൽവർബാക്ക് മൗണ്ടൻ ഗൊറില്ല വിഭാഗത്തിലെ പ്രശസ്തനായ ഗൊറില്ല 'റാഫികി'യെ വേട്ടയാടി കൊലപ്പെടുത്തിയ യുവാവിന് 11 വർഷം തടവുശിക്ഷ വിധിച്ചു. പോച്ചർ ഫെലിക്സ് ബ്യാമുകാമയാണ് സംരക്ഷണ മേഖലയിൽ അതിക്രമിച്ച് കയറി വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ഗൊറില്ലയെ കൊന്നത്. ഗൊറില്ല തന്നെ ആക്രമിച്ചെന്നും സ്വയരക്ഷയ്ക്കായാണ് കൊന്നതെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഗൊറില്ലയെ വേട്ടയാടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.
ജൂൺ ഒന്നിനാണ് 25 വയസുള്ള ആൺ ഗൊറില്ലയായ റാഫികിയെ കാണാതായത്. തൊട്ടടുത്ത ദിവസം റാഫികിയുടെ മൃതദേഹം പാർക്കിനുള്ളിൽ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഉഗാണ്ടൻ വൈൽഡ് ലൈഫ് അതോറിറ്റി പിടികൂടിയിരുന്നു. മൂർച്ചയേറിയ വസ്തുവോ ഉപകരണമോ കൊണ്ടുണ്ടാക്കിയ മാരക പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
റാഫികിയുടെ ആന്തരികാവയവങ്ങൾ തകർന്നിരുന്നു. ആനകൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ഈനാംപേച്ചി തുടങ്ങിയവയ്ക്കായി ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ വേട്ടയാടൽ വ്യാപകമാണ്.
മൗണ്ടൻ സിൽവർ ബ്ലാക്ക് ഗൊറില്ല
സാധാരണ ഗൊറില്ലകളെ അപേക്ഷിച്ച് രോമത്തിന് നീളക്കൂടുതൽ
ഉഗാണ്ട, റുവാണ്ട, കോംങ്കോ തുടങ്ങിയവിടങ്ങളിൽ മാത്രം കാണപ്പെടുന്നു
പ്രായപൂർത്തിയാകുമ്പോൾ മുതുകിൽ വെള്ളിനിറം വരും
ആറടിപ്പൊക്കം
കൂട്ടത്തിൽ താമസം
റാഫികിയുടെ സാമ്രാജ്യം
ഉഗാണ്ട ബ്‌വിന്ദി ഇംപെനെട്രബിൾ നാഷണൽ പാർക്കിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരനും 17 അംഗങ്ങൾ ഉണ്ടായിരുന്ന 'നികുറിൻഗോ' എന്ന മൗണ്ടൻ ഗൊറില്ല സംഘത്തിലെ നേതാവായിരുന്നു റാഫികി.
ലോകത്ത് ഏകദേശം 1000ത്തോളം മൗണ്ടൻ ഗൊറില്ലകൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
ഇതിൽ പകുതിയിലേറെയും ഇവിടെയാണ്.