ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിന് തുടക്കമായി. സമൂഹ അകലം അടക്കമുള്ള കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്, ഇന്നലെ രാവിലെ 10 ഓടെയാണ് തീർത്ഥാടകർ അറഫയിലെത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളുമായ 1,000ൽ പരം തീർത്ഥാടകരാണ് സംഘത്തിലുള്ളത്.
60 ബസുകളിലായാണ് മിനയിൽ നിന്ന് യാത്ര തിരിച്ചത്. യാത്ര എളുപ്പമാക്കാൻ റോഡിലുടനീളം ട്രാഫിക്, സുരക്ഷാ ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു.
സമൂഹ അകലം പാലിച്ചുള്ള ഇരിപ്പിടമാണ് പള്ളിക്കകത്ത് മതകാര്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ നിരീക്ഷണത്തിനും സേവനത്തിനുമായി പ്രത്യേക സംഘങ്ങളും പള്ളിയിലുണ്ട്.