കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പരക്കെ നാശനഷ്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്. 19.76.
ഇതോടെ മരയോര മേഖലയിൽ ആശങ്ക പടർന്നു. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉരുൾപൊട്ടൽ ഉണ്ടാവാനുള്ള സാദ്ധ്യതയുമുണ്ട്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ രൂക്ഷമായി. ആളപായമില്ലെങ്കിലും പലയിടങ്ങളിലും വീടുകൾ ഭാഗികമായി നശിച്ചിട്ടുണ്ട്. മഴയൊടൊപ്പമെത്തിയ കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. വലിയ മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധങ്ങളും താറുമാറായി.
ഇന്ന് രാവിലെ മഴയ്ക്ക് അല്പമൊരു ശമനമുണ്ടായിട്ടുണ്ട്. ലൈനുകൾ ശരിയാക്കാനുള്ള തീവ്രശ്രമത്തിലാണ് വൈദ്യുത വകുപ്പ്. പൂഞ്ഞാർ, വാഗമൺ, തീക്കോയി മേഖലകളിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയേറി.
ഇന്നലെ പുലർച്ചെ കോട്ടയം തുരങ്കത്തിനു സമീപം റെയിൽവേ ലൈനിലേക്ക് മണ്ണിടിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചിരുന്നു.
മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ഇതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. മൂന്നുനാലു ദിവസം ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള മുൻകരുതലും അധികൃതർ എടുത്തിട്ടുണ്ട്.
ചങ്ങനാശേരിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാടപ്പള്ളി ചേന്നമറ്റം തോട് കവിഞ്ഞ് ബണ്ട് വെള്ളത്തിലായി. ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ ചില ഭാഗങ്ങളിൽ വെള്ളം കയറി. എ.സി.കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളിൽ വെള്ളം കയറിത്തുടങ്ങി. വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഉദയനാപുരം, ചെമ്പ്, തലയാഴം, മറവൻതുരുത്ത്, ടി.വി പുരം, വെച്ചൂർ പ്രദേശങ്ങളിലാണ് വെക്കം താലൂക്കിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളത്.
കനത്ത മഴയെതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ മതിലിൽ ഇടിച്ചു. ആർക്കും അപായമുണ്ടായില്ല. നിസാര പരിക്കുപറ്റിയ അഞ്ചു പേരെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. കോട്ടയം ടൗണിനോട് ചേർന്ന് ചുങ്കത്ത് വൻ മരം കടപുഴകി വീണു. ആറ്റുതീരവും തകർന്നിട്ടുണ്ട്.
ഇന്നും ശക്തമായ മഴ തുടർന്നാൽ കുമരകം, തിരുവാർപ്പ്, അയ്മനം ഭാഗങ്ങളിൽ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കേണ്ടതായി വരും. ഇന്നലെ വില്ലേജ് ഓഫീസർമാർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്.