
ന്യൂഡൽഹി: കൊവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പത്ത് ലക്ഷം പേരിൽ 324 പരിശോധനയെന്നതാണ് ദേശീയ ശരാശരി. അതേസമയം കേരളത്തിൽ ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം മരണനിരക്ക് കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിൽ മരണനിരക്ക് 0.31 ശതമാനം ആണെങ്കിൽ രാജ്യത്ത് 2.21 ശതമാനം ആണ് മരണനിരക്ക്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കൊവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും രോകാരോഗ്യ സംഘടന പറയുന്ന പരിശോധനാ നിരക്കിനേക്കാൾ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.