dog

ലണ്ടൻ : മനുഷ്യന്റെ ഉറ്റസുഹൃത്തായ ജീവിയാണ് നായകൾ. ഇപ്പോൾ മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് എന്ന വെല്ലുവിളിയ്ക്കെതിരെയും നായകൾക്ക് മനുഷ്യനിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കണ്ടെത്തൽ. 94 ശതമാനം കൃത്യതയോടെ നായകൾക്ക് കൊറോണ വൈറസിനെ മണത്ത് കണ്ടെത്താനാകുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതനുസരിച്ച് കായിക മത്സരങ്ങൾ നടക്കുന്നിടത്തും വിമാനത്താവളങ്ങളിലും മറ്റും കൊവിഡ് 19 ബാധിതരെ കണ്ടെത്താൻ നായകൾക്ക് സാധിച്ചേക്കാമെന്ന സാദ്ധ്യതയാണ് ഉയരുന്നത്.

ജർമൻ സായുധസേനയിലെ എട്ട് നായകൾക്ക് കൊവിഡ് 19 ബാധിതരുടെയും അല്ലാത്തവരുടെയും ഉമിനീര് വേർതിരിച്ച് മനസിലാക്കാനുള്ള പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതേ പറ്റി ഹാനോവറിലെ യൂണിവേഴ്സിറ്റി ഒഫ് വെറ്റിറനറി മെഡിക്കൽ സയൻസും ഹാനോവർ മെഡിക്കൽ സ്കൂളും ചേർന്ന് പഠനം നടത്തുകയും ചെയ്തു. കൊവിഡ് 19 ബാധയുള്ളതും അല്ലാത്തതുമായ 1000 പേരിൽ നിന്നും ഗവേഷകർ സാമ്പിളുകൾ ശേഖരിക്കുകയും ഇതിൽ നിന്നും നായകളെ ഉപയോഗിച്ച് വൈറസ് ബാധയുള്ള സാമ്പിളുകൾ വേർതിരിക്കാൻ ശ്രമിക്കുകയും ചെയ്തു.

പരീക്ഷണത്തിൽ 94 ശതമാനം കൃത്യതയോടെ നായകൾ വൈറസ് ബാധയുള്ള സാമ്പിളുകൾ തിരിച്ചറിഞ്ഞു. മനുഷ്യ ശരീരത്തിനുള്ളിൽ കടന്ന് കൂടുന്ന കൊറോണ വൈറസ് മനുഷ്യന്റെ ആന്തരികാവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ഉമിനീരിന്റെ സ്വാഭാവിക ഗന്ധത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നും ഈ ഘടകമാണ് നായകൾക്ക് തിരിച്ചറിയാൻ സഹായകമാകുന്നതെന്നും ഗവേഷകർ പറയുന്നു.

ഇതോടെ എയർപോർട്ടുകൾ ഉൾപ്പെടെ ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ കൊവിഡ് ബാധിതരുണ്ടോ എന്ന് കണ്ടെത്തി രോഗവ്യാപനം തടയുന്നതിന് ഒരുപക്ഷേ, നായകൾ സഹായകമായേക്കാമെന്നാണ് വിലയിരുത്തൽ. ലാബ്രഡോർ റിട്രീവർ ഉൾപ്പെടെയുള്ള ബ്രീഡുകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. നായകൾക്ക് മനുഷ്യനേക്കാൾ 10,000 മടങ്ങ് ശക്തിയോടെ കൃത്യമായി മണം തിരിച്ചറിയാൻ സാധിക്കും. മലേറിയ, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനും നേരത്തെ നായകളെ ഉപയോഗിച്ച് ഗവേഷണങ്ങൾ നടന്നിരുന്നു.