ന്യൂഡൽഹി: ചൈനയുമായുണ്ടായ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ കരുതലായി അതിർത്തിയിൽ 35,000 സൈനികരെ കൂടി അധികം വിന്യസിക്കാൻ ഇന്ത്യ തയാറെടുക്കുന്നു. ഇനിയും അതിർത്തി കൈയേറാൻ ചൈന മടിക്കില്ലെന്ന പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തലിലാണ് സൈനിക ബലം വർദ്ധിപ്പിക്കുന്നത്.
ഇരുരാജ്യങ്ങളുടെയും അതിർത്തിയായി കണക്കാക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖ 3,488 കിലോമീറ്ററാണ്. 35,000 പട്ടാളക്കാരെ അധികം വിന്യസിക്കുന്നതോടെ അതിർത്തിയിലെ തത് സ്ഥിതിക്ക് പാടേ മാറ്റം വരും.
ഇരുപത് ഇന്ത്യൻ സൈനകരുടെയും നിരവധി ചൈനീസ് സൈനികരുടെയും മരണത്തിനിടയാക്കിയ സംഘർഷത്തോടെ യഥാർത്ഥ നിയന്ത്രണ രേഖയുടെ, പ്രത്യേകിച്ച് ലഡാക്കിലെ അതിർത്തിയുടെ മൊത്തം സ്വഭാവം തന്നെ മാറിയതായി ഡൽഹിയിലെ പ്രതിരോധ വിശകലന സ്ഥാപനമായ യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷന്റെ ഡയറക്‌ടർ റിട്ട. മേജർ ജനറൽ ഹബി. കെ. ശർമ്മ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും അതിർത്തിയിൽ അധികം സേനയെ വിന്യസിച്ചിട്ടുണ്ട്. ഉന്നത രാഷ്‌ട്രീയ തലങ്ങളിൽ ധാരണയാകാതെ ഇരുപക്ഷവും ഈ സേനകളെ പിൻവലിക്കില്ല. ഏറ്റുമുട്ടലുകളും അതിർത്തി കൈയേറ്റങ്ങളും തൽക്കാലം അവസാനിച്ചെങ്കിലും അത് ശാശ്വതമല്ല. സൈനിക തലത്തിൽ നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് മിക്ക സ്ഥലങ്ങളിലും സൈന്യത്തെ പിൻവലിച്ചതെന്ന് ചൈന പറഞ്ഞത്. ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കമാൻഡർമാരുടെ അഞ്ചാമത്തെ ചർച്ചയ്ക്ക് ഒരുക്കങ്ങൾ നടക്കുകയാണ്.
ഭാരിച്ച ചെലവ്
പാകിസ്ഥാനുമായുള്ള 742 കിലോമീറ്റർ ചെലവ് ഫലത്തിൽ ഇന്ത്യൻ സേനയുടെ ആധുനികവൽക്കരണത്തെയാണ് ബാധിക്കുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സൈനികച്ചെലവിൽ ലോകത്തെ മുൻനിര രാജ്യമായിട്ടും ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ പല ആയുധങ്ങളും ആധുനികവൽക്കരിക്കേണ്ടതുണ്ട്. ലഡാക്കിലെ അധിക ബാദ്ധ്യത സാമ്പത്തികമായി കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.