omana

തിരുവല്ല: ആറിന് സമീപത്തെ വീട്ടിൽ നിന്ന് കാണാതായ വൃദ്ധ മണിമലയാറ്റിലൂടെ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ തിരുവല്ലയ്ക്ക് സമീപത്തെ കുറ്റൂരിൽ.

അബോധാവസ്ഥയിൽ ഒഴുകിപ്പോകവേ വള്ളം ഇറക്കി യുവാവ് രക്ഷപ്പെടുത്തുകയായിരുന്നു.

മണിമലയിൽ ആറിന് സമീപത്തായി താമസിക്കുന്ന തൊട്ടയിൽ വീട്ടിൽ ഓമനയാണ് (68) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മണിമലയിൽ നിന്ന് റോഡുമാർഗം ഇവിടേയ്ക്ക് മുപ്പതു കിലോമീറ്ററോളം ദൂരമുണ്ട്.കോട്ടാങ്ങൽ, കുളത്തൂർമൂഴി, മല്ലപ്പള്ളി, തുരുത്തിക്കാട്, വള്ളംകുളം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകിയാണ് വൃദ്ധ കുറ്റൂരിലെത്തിയത്.

ആറിലൂടെ സ്ത്രീ ഒഴുകിപ്പോകുന്നത് രാവിലെ പത്തു മണിയോടെ തിരുവല്ല കുറ്റൂർ റെയിൽവേ പാലത്തിന് സമീപം നിന്നവരാണ് കണ്ടത്. അവർ ആറിന്റെ തീരത്ത് താമസിക്കുന്ന സി.പി.എം തിരുമൂലപുരം ബ്രാഞ്ച് സെക്രട്ടറി തയ്യിൽ പള്ളത്ത് റെജി വർഗീസിനെ ആ ദിശയിലേക്ക് ഒരു സ്ത്രീ ഒഴുകിവരുന്ന വിവരം അറിയിച്ചു.

റെജി വള്ളത്തിലെത്തി തോണ്ടറ കടവിന് സമീപത്തുവച്ച് ഒഴുക്കിൽപ്പെട്ടു വന്ന രൂപം തടഞ്ഞു. മുഖം മാത്രമേ കാണാമായിരുന്നുള്ളു. അബോധാവസ്ഥയിലായിരുന്ന ഒാമനയെ വള്ളത്തിലേക്ക് എടുത്തുകയറ്റി. ബ്ലൗസും പാവാടയുമായിരുന്നു വേഷം. വീട്ടിലെത്തിച്ച് കമ്പിളി പുതപ്പിച്ചു. ചൂടുവെള്ളം കൊണ്ട് തുടച്ചതോടെ നേരിയ ബോധം തെളിഞ്ഞു.പിന്നാലെ തിരുവല്ല പൊലീസ് എത്തി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മകൻ രാജേഷിന്റെ പേരും ഫോൺ നമ്പറും ഒാമന പറഞ്ഞു. ആട്ടോഡ്രൈവറായ രാജേഷ് പാഞ്ഞെത്തി. അമ്മയും രാജേഷും മാത്രമാണ് ചെറിയ വീട്ടിൽ താമസം. രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ നോക്കുമ്പോൾ അമ്മയെ കാണാനില്ല. നാട്ടിൽ തിരഞ്ഞ് കാണാതായതോടെ മണിമല പൊലീസിൽ പരാതി കൊടുത്തുകാത്തിരിക്കവേയാണ് തിരുവല്ല പൊലീസിന്റെ സന്ദേശം എത്തിയത്.

ആറിന്റെ തീരത്തു താമസിക്കുന്ന വീട്ടമ്മാർ പുലർച്ചെ ഒഴുക്കിൽ വന്ന് തീരത്തോട് ചേർന്ന് അടിയുന്ന തേങ്ങയും വിറകിൻ കഷ്ണങ്ങളും മറ്റും ശേഖരിക്കാൻ പോകാറുണ്ട്. അത്തരത്തിൽ പോയതാണോ എന്ന സംശയത്തിലാണ് പൊലീസ്.അവശനിലയിലായതിനാൽ പൊലീസ് മൊഴിയെടുത്തിട്ടില്ല.