മലയാളത്തിൽ അത്ര സജീവമല്ലല്ലോ?
തമിഴിലാണ് ഇപ്പോൾ കൂടുതലും.എന്നാൽ മലയാളത്തിലും സജീവമാണ്.ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഒടുവിൽ വന്നത്.മേപ്പാടം തിരുമേനിയുടെ ശിഷ്യനായി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മനോഹരത്തിലെ കഥാപാത്രം ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.കുഞ്ഞുണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയും വരുന്നുണ്ട്.തമിഴിൽ അഭിനയിക്കുമ്പോഴും മലയാളത്തിന്റെ ഭാഗമാകാൻ സമയം കണ്ടെത്താറുണ്ട്.
സിനിമയ്ക്ക് പുറത്തുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ടല്ലോ.
ഈ കലഹം നാടകത്തിൽ നിന്ന് ലഭിച്ചതാണോ?
അങ്ങനെയാകാനാണ് സാദ്ധ്യത.നാടകം എപ്പോഴും കാഴ്ചക്കാരനോട് നേരിട്ട് സംവദിക്കുന്ന മാദ്ധ്യമമാണ്. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടാൻ കലാകാരൻ ബാദ്ധ്യസ്ഥനാണ്. പറയണമെന്ന് തോന്നുന്ന സന്ദർഭം ഉണ്ടായാൽ തീർച്ചയായും തുറന്നു പറച്ചിൽ നടത്തും.അത് കലാകാരന്റെ ബാദ്ധ്യതയാണെന്ന് വിശ്വസിക്കുന്നു.വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാൻ താത്പര്യമില്ല.അതിനു മുതിരാറുമില്ല .
തമിഴിൽ ലഭിക്കുന്ന പരിഗണന മലയാളം നൽകുന്നുണ്ടോ?
മലയാളത്തിൽ നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിനാൽ ഇവിടെയും നല്ല പരിഗണന ലഭിക്കുന്നുണ്ട്.കുഞ്ഞാലി മരയ്ക്കാർ എത്തുമ്പോൾ മലയാളം നൽകുന്ന പരിഗണന തീർച്ചയായും തിരിച്ചറിയാൻ കഴിയും.തമിഴിലെ തിരക്കു കാരണം പലപ്പോഴും മലയാളത്തിൽ അഭിനയിക്കാൻ കഴിയാതെ പോകുന്നു.വിക്രം, വിജയ് സേതുപതി, വിജയ്, സത്യരാജ്,വിശാൽ, സമുദ്രകനി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു.കാർത്തിയോടൊപ്പം മൂന്നു സിനിമകളിലാണ് അഭിനയിച്ചത്.കൈദി ചെയ്തു.ജ്യോതികയോടൊപ്പം രാക്ഷസി ചെയ്തു.വീണ്ടും ജ്യോതികയുടെ സിനിമയുടെ ഭാഗമായി. കുംകിയുടെ രണ്ടാം ഭാഗത്തിൽ മികച്ച പൊലീസ് വേഷമായിരുന്നു. തമിഴിൽ ഇതുവരെ അവതരിപ്പിച്ചതിനേക്കാൾ മികച്ച വേഷങ്ങളാണ് ലഭിച്ചത്.ലെഫ്ട് റൈറ്റ് ലെഫ്ടിലെ കൈതേരി സഹദേവനെ കണ്ടാണ് കിടാരി , ആണ്ടവൻ കട്ട് ളൈ എന്നീ തമിഴ് സിനിമയിലേക്ക് ഒരേ സമയം വിളിക്കുന്നത്.ആണ്ടവൻ കട്ട് ളൈയിൽ വിജയ് സേതുപതിയായിരുന്നു നായകൻ.
ലെഫ്ട് റൈറ്റ് ലെഫ്ട് പറഞ്ഞ രാഷ്ട്രീയത്തോട് വിയോജിക്കുന്നുവെന്ന
അഭിപ്രായം ഇപ്പോഴും തുടരുകയാണോ?
ലെഫ്ട് റൈറ്റ് ലെഫ്ടിന്റേത് അസാദ്ധ്യ തിരക്കഥയാണ് . ഐ.വി. ശശി - ടി. ദാമോദരൻ ടീമിന്റെ സിനിമകൾക്കുശേഷം വരുന്ന ശക്തമായ രാഷ്ട്രീയ സിനിമ. ലെഫ്ട് റൈറ്റ് ലെഫ്ട് കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ട്. എന്നാൽ ആ സിനിമയിലെ രാഷ്ട്രീയത്തോട് വ്യക്തിപരമായ ചില വിയോജിപ്പുകളുണ്ട്.അതിനു മാറ്റമില്ല. അതു പറയാനുണ്ടായ സാഹചര്യം വന്നപ്പോൾ പറഞ്ഞു.ലെഫ്ട് റൈറ്റ് ലെഫ്ടിലെ കഥാപാത്രമാണ് തമിഴിൽ അവസരം തന്നത്.എന്നാൽ അതിന്റെ പേരിൽ അഭിപ്രായം പറയാതിരിക്കാൻ കഴിയില്ല.
ഇത് ശത്രുക്കളെ സൃഷ്ടിക്കുകയും അവസരം
നഷ്ടപ്പെടുത്തുകയും ചെയ്യില്ലേ?
ആ കാലം മാറി.അഭിപ്രായം പറയുന്നവരെയാണ് ആളുകൾക്ക് താത്പര്യമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അടങ്ങിയൊതുങ്ങി പോകുന്ന സമ്പ്രദായം ഇപ്പോഴില്ല. സിനിമ തന്നെ മാറി.പുതിയ തരം സിനിമ വരുന്നു. വലിയ മാറ്റം ഉണ്ടാകുന്നു.മാറ്റത്തിന് പിന്നാലെയാണ് എല്ലാവരും.സിനിമ ഏതെങ്കിലും മാഫിയയുടെ കൈയിലല്ല.ആർക്കും ഉണ്ടാക്കാൻ കഴിയുന്ന മാദ്ധ്യമമായി സിനിമ മാറി.അതിന് അംഗീകാരം ലഭിക്കുന്നു.പുതിയ തലമുറ വരുന്നത് ശക്തമായ തിരക്കഥയുടെ പിൻബലത്തിലാണ്.
സന്ദേശം സിനിമയുടെ രാഷ്ട്രീയം വീണ്ടും ഉയർന്നപ്പോൾ
ആ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും പ്രതികരിച്ചു കണ്ടില്ല?
അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സന്ദേശത്തിന്റെ ഇതിവൃത്തം. ആ സിനിമ നൽകുന്ന സന്ദേശത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.മികച്ച പൊളിറ്റിക്കൽ സറ്റയറാണത്.സന്ദേശം സിനിമയുടെ രണ്ടാം ഭാഗം എന്താണ് ചെയ്യാത്തതെന്ന് ചോദിച്ചപ്പോൾ സന്ദേശത്തിൽ തന്നെയാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നതെന്നായിരുന്നു സത്യട്ടേന്റെ മറുപടി.
വൈറസിൽ മുഖ്യമന്ത്രിയെപ്പറ്റി പ്രതിപാദിച്ചില്ലെന്ന് ആരോപിച്ചിട്ട പോസ്റ്റ്
പബ്ളിസിറ്റി ലഭിക്കാൻ വേണ്ടിയാണ് ഇത്തരം ആക്ഷേപം എന്ന വിമർശനം ഉയർന്നല്ലോ?
അഭിപ്രായം പറയുമ്പോൾ അതിനെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. അങ്ങനെ നോക്കി അഭിപ്രായം പറയാൻ കഴിയില്ല. ഞാൻ ഒരു സിനിമാനടനാണ്.എന്റെ സിനിമ ആളുകൾ കാണണം.അതിനാൽ ഞാനൊന്നും മിണ്ടാൻ പാടില്ലെന്ന വാദത്തോട് യോജിപ്പില്ല.പബ്ളിസിറ്റിക്കുവേണ്ടി പോസ്റ്റ് ഇടേണ്ട കാര്യമില്ല.നിപ്പ എന്ന മാരിയെ തുടച്ചു മാറ്റാൻ കൂട്ടായ ശ്രമത്തിലൂടെ സർക്കാരിന് കഴിഞ്ഞു.അതിനു നേതൃത്വം വഹിച്ച സർക്കാരിനെ നയിച്ച ആളാണ് മുഖ്യമന്ത്രി.അപ്പോൾ മുഖ്യമന്ത്രിയെ പറ്റി പരാമർശിക്കണം.അത് ഞാൻ അറിയിച്ചെന്ന് മാത്രം.
പണ്ട് കലാകാരന്മാർ സമൂഹത്തിലെ പല പ്രശ്നങ്ങളിലും
ഇടപെടുമായിരുന്നു.ഇപ്പോൾ ഇതിന് കുറവു സംഭവിച്ചില്ലേ?
സുരക്ഷിതനായി കഴിഞ്ഞാൽ പിന്നെ ഒന്നും മിണ്ടണ്ട എന്നു പറയുന്നതല്ല ജീവിതം.അതിസങ്കീർണമായ അവസ്ഥയിലൂടെയാണ് ഓരോ മനുഷ്യന്റെയും ജീവിതം കടന്നു പോകുന്നത്. ഏത് കാര്യത്തിലും ആദ്യം അഭിപ്രായം പറയേണ്ടത് കലാകാരനാണ്.സമൂഹത്തിന് മുന്നിൽ സഞ്ചരിക്കേണ്ട ആളാണ് കലാകാരൻ.അഭിപ്രായം നടത്തുമ്പോഴും കോഴിക്കോടുകാരന്റെ നല്ല മനസ് കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.
സിനിമയിൽ വീണുപോയാൽ തിരികെ കയറാൻ ബുദ്ധിമുട്ടാണ്.
എന്നാൽ ഹരീഷ് പേരടി എന്ന നടന് കയറാൻ സാധിച്ചു?
ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണത്.ഒപ്പം പ്രയത്നം കൂടിയുണ്ട്.ജീവിതം പണയം വച്ചാണ് നാടകം കളിച്ചത്.കലയിൽനിന്ന് കൊണ്ട് ജീവിച്ചു കാണിച്ചു. ചെറിയ വരുമാനത്തിൽ മുന്നോട്ടു പോയി.റെഡ് ചില്ലീസിൽ വില്ലൻ വേഷം ചെയ്യാൻ നിർമ്മാതാവ് രഞ്ജിത്തേട്ടൻ വിളിച്ചു .കുറെ വർഷം കഴിഞ്ഞു പിന്നെ വിളിച്ചു. ലെഫ്ട് റൈറ്റ് ലെഫ്ടിൽ അഭിനയിക്കാൻ.രണ്ടു പ്രാവശ്യമാണ് രഞ്ജിത്തേട്ടൻ കൈ തന്നത്.ആണ്ടവൻ കട്ട് ളൈയിൽ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച പരിചയം കൊണ്ടാണ് വിക്രം വേദയിലേക്ക് വിളി വന്നത്. ആ സിനിമയിലേക്ക് എന്റെ പേര് നിർദേശിച്ചത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിനൊപ്പം അടുത്ത സിനിമ ചെയ്യാൻ കാത്തിരിക്കുന്നു.
തമിഴ് സിനിമയിൽ സ്വന്തം ശബ്ദമാണോ?
സണ്ടക്കോഴി രണ്ട് ഒഴികെ എല്ലാ സിനിമയിലും ഡബ്ബ് ചെയ്തു.ആ സിനിമയിൽ മധുര സംസാര ശൈലി വേണമായിരുന്നു.ഡബ്ബ് ചെയ്ത സിനിമകളിൽ തമിഴ് ഭാഷ പ്രയോഗിക്കണ്ട രീതിയിൽ ചെയ്തെന്നാണ് വിശ്വാസം. അതു വലിയ കാര്യമാണ്.തമിഴ് പ്രേക്ഷകർക്ക് എന്റെ ശബ്ദം ഇഷ്ടപ്പെട്ടിട്ടുണ്ടാവും.തമിഴ് ഭാഷയ്ക്ക് വല്ലാത്ത ആഴമാണ്.അപ്പോൾ തമിഴ് സംസാരിക്കാനുള്ള കഴിവ് മാത്രം പോരാ. ഡബ്ബ് ചെയ്യുമ്പോൾ ഒരുപാട് കാര്യം പഠിക്കാനുണ്ട്.എന്റേത് തനി കോഴിക്കോടൻ സംസാര ശൈലിയല്ല, അതു നാടകത്തിൽനിന്ന് ലഭിച്ചതാകാം.നാടകം പഠിച്ചശേഷം സിനിമയിൽ വരണമെന്ന അഭിപ്രായമാണ്. അതു ഏതു ഭാഷയിലായാലും.കഥാപാത്രത്തോടുള്ള സമീപനം, സത്ത, നടത്തം എല്ലാം നാടകം പഠിപ്പിക്കുന്നു.അവിടെനിന്ന് സിനിമയിൽ വരുമ്പോൾ നടൻ എന്ന നിലയിൽ ഗുണം ചെയ്യും.സിനിമയ്ക്ക് വേണ്ട വിധം അഭിനയത്തെ കൊണ്ടു പോവണമെന്ന് മാത്രം.എന്റെ നോട്ടത്തിലെ തീക്ഷ്ണഭാവം പോലും നാടകത്തിന്റെ സംഭാവനയായിരിക്കാം.
തെലുങ്ക് കടന്ന് അടുത്ത യാത്ര ബോളിവുഡിലേക്കാണോ?
ഹിന്ദിയിൽനിന്ന് അവസരം വന്നിരുന്നു.എന്നാൽ പോകാൻ കഴിഞ്ഞില്ല. 'സ്പൈഡർ " കഴിഞ്ഞു തെലുങ്കിൽനിന്ന് നിരവധി പ്രോജക്ടുകൾ വന്നു. കൂടുതൽ ദിവസത്തെ ഡേറ്റ് അവർക്ക് വേണം.അതിനാൽ ചെയ്യാൻ കഴിയാതെ വരുന്നു.അടുത്ത തെലുങ്ക് സിനിമ വൈകാതെ ഉണ്ടാവും.