പത്മപ്രിയ സിനിമയിൽ നായികയായി എത്തിയിട്ട് പതിറ്റാണ്ടിലേറെയായി.
ഇത്രയും നാൾ സിനിമയിൽ പിടിച്ചുനിൽക്കുകയെന്നത് ചില്ലറ കാര്യമല്ല.അതിന്റെ
വിജയരഹസ്യം പങ്കുവയ്ക്കുകയാണ് പത്മപ്രിയ
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് പത്മപ്രിയ. പറയുന്നത് പ്രവർത്തിക്കുന്ന നടി.മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളയാൾ.നന്നായി പെരുമാറാൻ അറിയുന്ന ആൾ.പത്മപ്രിയയെക്കുറിച്ച് പറയാൻ വിശേഷണങ്ങൾ ഏറെ.
'മനസ് പറയുന്നത് മാത്രം കേട്ടു നോക്കൂ. ജീവിതം നിങ്ങൾക്കു മുന്നിൽ നൃത്തം ചെയ്യുന്നത് കാണാം. മനോഹരമായ യാത്രയിലെന്ന പോലെ നിങ്ങൾക്കായി കൺനിറയെ കാഴ്ചകൾ ഒരുക്കി വച്ചിട്ടുണ്ടാകും. ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത്." തിളങ്ങുന്ന കണ്ണുകളും കുസൃതി നിറയുന്ന ചിരിയുമുള്ള സുന്ദരി. മുഖാമുഖം സംസാരിക്കുമ്പോൾ വാക്കിലും നോട്ടത്തിലും കൗമാരിക്കാരിയുടെ ഊർജം പരത്തുന്ന മിടുക്കി. പത്മപ്രിയ സിനിമയിൽ നായികയായി എത്തിയിട്ട് പതിറ്റാണ്ടിലേറെയായി. ഇത്രയും നാൾ സിനിമയിൽ പിടിച്ചു നിൽക്കുകയെന്നത് ചില്ലറ കാര്യമല്ല.അതിന്റെ വിജയരഹസ്യം പങ്കുവയ്ക്കുകയാണ് പത്മപ്രിയ.
എം.ബി.എ കഴിഞ്ഞ് ബിസിനസ് കൺസൾട്ടന്റായി ജോലി നോക്കുമ്പോഴാണ് സിനിമ വിളിച്ചത്. അതും ഒരു പരിചയവുമില്ലാത്ത മലയാളത്തിൽ നിന്ന്. സംവിധായകൻ ബ്ളെസിയുടെ ആദ്യചിത്രം. മമ്മൂട്ടിയുടെ നായിക. ആർമിയിൽ ബ്രിഗേഡിയറായിരുന്ന അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും സിനിമയെ കുറിച്ച് വലിയ പിടിയില്ല. ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പിന്നാലെ പോകണോ എന്നായിരുന്നു അവരുടെ സംശയം. പക്ഷേ, ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം തൊട്ടേ അച്ഛൻ തന്നിരുന്നു. എന്റെ സന്തോഷമാണ് വലുതെന്ന് കരുതുന്ന അച്ഛൻ എതിരൊന്നും പറഞ്ഞില്ല.
ഇതാണ് എന്റെ വഴിയെന്ന്എനിക്ക് തോന്നി . ആ തോന്നൽ എങ്ങനെയുണ്ടായിയെന്ന് ഇന്നും അറിയില്ല.
അച്ഛന് ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ഉണ്ടാകും.അതു കൊണ്ട് തന്നെ പതിമ്മൂന്ന് സ്കൂളുകളിലായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അങ്ങനെ വ്യത്യസ്തരായ ആൾക്കാരുമായി ഇടപെടാനും ഏത് നാട്ടിൽ ജീവിക്കാനും പഠിച്ചു. അതാണ് മുന്നോട്ടുള്ള യാത്രകളുടെയെല്ലാം അടിസ്ഥാനം.
അങ്ങനെ ഇരുപതാം വയസിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാൻ കേരളത്തിലെത്തി. സാഹസികമായ ആ മനസാണ് എന്നെ ഞാനാക്കുന്നത്. പിന്നെ തേടി വന്നതെല്ലാം സ്വപ്നം പോലെ. ആ സ്വപ്നത്തിന്റെ കൈപിടിച്ച് ഏറെ മനോഹരമായ സിനിമകളും കഥാപാത്രങ്ങളും ചെയ്തു. പത്തു കൊല്ലം കഴിഞ്ഞു ചെയ്യേണ്ടിയിരുന്ന കഥാപാത്രങ്ങളാണ് അന്ന് ലഭിച്ചത്. ആദ്യം അമ്മ വേഷം ചെയ്തതു കൊണ്ട് പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ നൽകാൻ പലരും മടികാണിച്ചു. മിനി സ്കർട്ടൊക്കെയിട്ട് അഭിനയിക്കാൻ അന്നാഗ്രഹിച്ചിരുന്നു.ഇനി പരാതി പറഞ്ഞിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകരുടെ സ്നേഹവും അംഗീകാരങ്ങളും ആവശ്യം പോലെ കിട്ടി. എല്ലാം സിനിമ തന്നതാണ്.അപ്പോൾ അതിനെ തള്ളിപ്പറയുന്നത് നന്ദി കേടാണ്.
പക്ഷേ, പഠിക്കാനുള്ള ആഗ്രഹം എന്റെ രക്തത്തിലുള്ളതാണ്. അത് വീണ്ടും തലപൊക്കിയപ്പോൾ എൻവയാൺമെന്റൽ ലോയിൽ മാസ്റ്റേഴ്സ് ചെയ്തു. പിന്നീടൊരിക്കൽ സോഷ്യൽ എന്റർപ്രണേഴ്സ് സ്കോളർഷിപ്പ് ലഭിച്ചു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നാലുദിവസത്തെ ക്ലാസ്. അതെന്റെ ജീവിതത്തെ വീണ്ടും മാറ്റി മറിച്ചു. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ പഠിക്കാനുള്ള മോഹമുദിച്ചു. ലോകപ്രശസ്തരായ നിരവധി ശാസ്ത്രജ്ഞർ പഠിച്ച യൂണിവേഴ്സിറ്റിയാണിത്. അവിടെ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം വരുമ്പോൾ വേണ്ടെന്നു വയ്ക്കാൻ പറ്റില്ലല്ലോ.
അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് ബാഗ് പാക്ക് ചെയ്ത് ഒറ്റ മുങ്ങൽ. ബ്രേക്കായാൽ പിന്നെ അങ്ങനെ വേണ്ടേ... എവിടെയാണോ അവിടുത്തെ ജീവിതം ആസ്വദിക്കുക എന്നതാണ് എന്റെ പോളിസി. ബാക്കിയൊക്കെ വേറൊരു മുറിയിൽ പൂട്ടിവയ്ക്കും. പഠനത്തോടൊപ്പം അമേരിക്കയിൽ കാത്തിരുന്നത് ജാസ്മിൻ ഷാ എന്ന ബിഗ് സർപ്രൈസ്.
വൈവിദ്ധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ. എന്നിട്ടും ന്യൂയോർക്ക് എന്നെ വശീകരിച്ചു കളഞ്ഞു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യർ അവിടെ ഒന്നിക്കുന്നു. വിവിധ സംസ്കാരങ്ങൾ ഒന്നിക്കുന്ന ഇടം. സ്വപ്നതുല്യമായ ജീവിതമാണവിടെ. ആ സ്വപ്നത്തിൽ നിന്നുണരാൻ എനിക്കിഷ്ടമില്ല. സിനിമയെക്കാൾ ഗ്ളാമറസായി വസ്ത്രം ധരിക്കാം. ആരും നിങ്ങളുടെ സ്വാതന്ത്ര്യത്തെ തുറിച്ച കണ്ണുകളുമായി ചോദ്യം ചെയ്യാൻ വരില്ല. മാൻഹട്ടൻ ലോകത്തെ തന്നെ ഏറ്റവും ഗ്ളാമറസ് സിറ്റിയാണ്. സിനിമയെക്കാൾ ഗ്ളാമറിൽ ജീവിക്കുന്നത് അവിടെയാണ്.. തെരുവുകളിലൂടെ അലഞ്ഞുതിരിയാം. പഠനവും അതുപോലെ തന്നെ. സത്യത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയത് ഇവിടെ വന്നതിനു ശേഷമാണ്. ഇന്ത്യയിലെ പോലെ ക്ലാസ്റൂം പഠനമല്ല. ഒരു സെൽഫ് ഡിസ്കവറി പ്രോസസ് ആണ്. ക്ലാസിൽ പോവുന്നതും പോവാതിരിക്കുന്നതുമൊക്കെ ഓരോരുത്തരുടെയും ഇഷ്ടം.
വിവാഹം എന്റെ ജീവിതത്തെ കുറച്ചു കൂടി ലളിതമാക്കി. എല്ലാവരും പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നാണ്. പക്ഷേ, ഉത്തരവാദിത്വങ്ങൾ കുറഞ്ഞ പോലെയാണ് എനിക്ക് തോന്നുന്നത്. അച്ഛനും അമ്മയ്ക്കും പുറമേ ഒരാൾ കൂടി എന്നെ ശ്രദ്ധിക്കാനുണ്ടല്ലോ. തീർച്ചയായും ജാസ്മിനും അത് തന്നെയാകും തോന്നുന്നത്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു, പാചകം ചെയ്യുന്നു, വായിക്കുന്നു. രണ്ടു പേർക്കും അവരവരുടേതായ തിരക്കുകളുമുണ്ട്. കല്യാണം മനോഹരമായൊരു സംഗതിയല്ലേ. ഇത്രയും തിരക്കുള്ള നാട്ടിൽ വന്നിട്ടും 24 മണിക്കൂർ അധികമാണെനിക്ക്. ജോലി, വിശ്രമം, വ്യായാമം, ആഘോഷം ഇതിനൊക്കെ സമയം കണ്ടെത്തുന്നു. സോഷ്യൽ മീഡിയയിലും മൊബൈലിലുമൊന്നും അധിക സമയം ചെലവിടാറില്ല.
സ്വന്തം നാടു പോലെയാണ് കേരളം. പക്ഷേ, ന്യൂയോർക്കിൽ പോയതിൽ പിന്നെ ഇവിടുത്തെ വിശേഷങ്ങളൊന്നും അറിഞ്ഞിട്ടില്ല. ന്യൂയോർക്കിൽ ഒരു മലയാളി സമാജത്തിന്റെ മീറ്റിംഗിൽ മാത്രം പങ്കെടുത്തു. എന്റെ ഒരു ഫ്രണ്ട് വഴിയാണ് പോയത്. ചെറിയൊരു പരിപാടിയായിരുന്നു. മലയാള സിനിമ ഒരുപാട് മാറിയതായി തോന്നിയിട്ടില്ല. എല്ലാക്കാലത്തും ഇവിടെയുണ്ടായിരുന്നതു കൊണ്ടാകാമിത്. മലയാളം എന്നെ മറക്കാത്തതിൽ സന്തോഷമുണ്ട്. സ്വപ്നങ്ങൾക്ക് പിന്നാലെ ഞാൻ പോയിട്ടില്ല. സ്വപ്നങ്ങൾ എപ്പോഴും എന്നെ തേടി വരികയായിരുന്നു.