
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 375 പേർക്കാണ്. 794 പേർക്ക് രോഗമുക്തിയുണ്ടായി. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. . എന്നാൽ ഇത് ഉച്ചവരെയുളള കണക്കാണെന്നും ശേഷിക്കുന്ന കണക്ക് വൈകാതെ ലഭിക്കുമെന്നും കൊവിഡ് അവലോകന യോഗ ശേഷമുളള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ഫലം വൈകുന്നത്. കോഴിക്കോട് സ്വദേശി ആലിക്കോയ(77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു(65) എന്നിവരാണ് കൊവിഡ് രോഗം മൂർച്ഛിച്ച് മരണമടഞ്ഞത്. 24 മണിക്കൂറിൽ 21,533 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
രോഗം സ്ഥിരീകരിച്ചവർ ജില്ല തിരിച്ച് നോക്കിയാൽ തൃശൂർ 83,തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകുളം 34,മലപ്പുറം 32, കോട്ടയം 29, കാസർഗോഡ് 28, കൊല്ലം 22,ഇടുക്കി 6, പാലക്കാട് 4, വയനാട് 3 എന്നിങ്ങനെയാണ്.
കൊവിഡ് വ്യാധിയുടെ പ്രതിസന്ധിക്കിടെയാണ് ഇത്തവണ ഈദ് ആഘോഷം. പതിവ് ആഘോഷങ്ങൾക്കുളള സാഹചര്യമില്ല.ആളുകളുടെ എണ്ണം പരമാവധി കുറച്ച് പരമാവധി മാനദണ്ഡങ്ങൾ പാലിച്ച് നമസ്‌കാരം നടത്താൻ നിർദ്ദേശിച്ചതായും ആ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മൂന്നാംഘട്ടത്തിൽ 21298 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 12,199 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. തിരുവനന്തപുരത്ത് 23 സി എഫ് എൽ ടിസികളിൽ 2500 കിടക്കകൾ ഒരുക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയെയും കോഴിക്കോട് ബീച്ച് ആശുപത്രിയെയും കൊവിഡ് ചികിത്സാ കേന്ദ്രമാക്കും. ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള രോഗികളെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റും. 769 കിടക്കകളും 25 ഐസിയു കിടക്കകളും സജ്ജമാക്കി. എൻ എച്ച് എം വഴി 6700 താൽക്കാലിക ജീവനക്കാരെ നിയമിച്ചു. 980 ഡോക്‌ടർമാരെ താൽക്കാലികമായി നിയമിച്ചു. ഇതിൽ 276 പേരെ ഒറ്റ ദിവസം കൊണ്ടാണ് നിയമിച്ചത്.
തിരുവനന്തപുരത്ത് ലാർജ് ക്ളസ്‌റ്ററുകളിൽ രോഗവ്യാപനം കൂടുതലുണ്ട്.ലോക്ഡൗൺ ഇളവുകളുണ്ടാകും. കണ്ടെയ്‌ൻമെന്റ് സോണുകളിലെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തുറക്കും. പത്തനംതിട്ട എ.ആർ ക്യാമ്പ് കോവിഡ് ക്ളസ്‌റ്ററായി മാറിയിരിക്കുന്നു.ഇവിടെ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ നടത്തും. രോഗം മാറും വരെ മുറിയിൽ തന്നെ കഴിയണം. ഹോം കെയർ ഐസൊലേഷൻ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ്. ഇവർക്ക് രോഗ ലക്ഷണമുണ്ടായാലുടൻ ആശുപത്രിയിലേക്ക് മാറ്റും.മൂന്നാം ഘട്ടത്തിൽ രോഗം ഗുരുതരമായ ഘട്ടത്തിലേക്ക് പോയിട്ടില്ല. ആറ് മാസത്തെ ചിട്ടയായ പ്രവർത്തനം കൊണ്ടാണ് പലരും പറഞ്ഞതുപോലെ അപകട സ്ഥിതിയിലേക്ക് സംസ്ഥാനം പോകാത്തത്. സംസ്ഥാനത്തെ ഭൂരിപക്ഷം കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.