ന്യൂയോർക്ക് : കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബോയിംഗ് കമ്പനിയ്ക്കുണ്ടായത് 240 കോടി യു.എസ് ഡോളറിന്റെ നഷ്ടം. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ പതനത്തിനും കൊവിഡ് പ്രതിസന്ധിയ്ക്കും തൊട്ടുപിന്നാലെയാണ് വിമാന നിർമാണമേഖലയിലെ ഭീമൻമാരായ അമേരിക്കൻ കമ്പനി ബോയിംഗിനെ തേടി അടുത്ത വെല്ലുവിളിയെത്തിയിരിക്കുന്നത്. നിലവിൽ 16,000ത്തോളം ബോയിംഗ് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥയിലാണ്.
787 ഡ്രീംലൈനർ ജെറ്റുകളുടെ നിർമാണവും പ്രതിസന്ധിയിലാണ്. നിലവിൽ പ്രതിമാസം നിർമിച്ച് കൊണ്ടിരിക്കുന്ന 787 ശ്രേണിയിലെ വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കും. 2021 മുതൽ മാസം ആറ് 787 വിമാനങ്ങൾ മാത്രമാകും നിർമിക്കാൻ പോകുകയെന്നാണ് സൂചന. ഇപ്പോൾ പ്രതിമാസം 10 എണ്ണം വീതമാണ് നിർമിക്കുന്നത്. ബോയിംഗ് 777 വൈഡ് ബോഡി വിമാനങ്ങളുടെ നിർമാണം പ്രതിമാസം അഞ്ചിൽ നിന്നും രണ്ടായി കുറയ്ക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ബോയിംഗിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വിമാനമായ 737 മാക്സിന്റെ നിർമാണം പുനഃരാരംഭിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് കമ്പനി ഇപ്പോൾ. 737 മാക്സിന്റെ വീഴ്ചയോടെ തുടങ്ങിയതാണ് ബോയിംഗിന്റെ കഷ്‌ടകാലം. 500 ഓളം മാക്സ് വിമാനങ്ങൾ പറക്കൽ നിറുത്തിവച്ചിരുന്നു. 346 പേരുടെ മരണത്തിനിടാക്കിയ രണ്ട് ദുരന്തങ്ങളോടെ 2019 മാർച്ചിൽ നിലംപൊത്തിയതാണ് മാക്സിന്റെ നിർമാണം.
എന്നാൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഉത്പാദനം മന്ദഗതിയിലാക്കും. 2022 ഓടെ മാസം 31 ജെറ്റുകൾ നിർമിക്കുകയെന്നതാണ് ബോയിംഗിന്റെ ലക്ഷ്യം. അതേ സമയം, ബോയിംഗിന്റെ ക്ലാസിക് വിമാനങ്ങളായ 747 ജംബോ ജെറ്റിന്റെ നിർമാണം നിറുത്താൻ ഒരുങ്ങുകയാണെന്ന് കമ്പനി വ്യക്തമാക്കി. കൊവിഡ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ച കനത്ത ആഘാതത്തെ തുടർന്ന് തങ്ങളുടെ എല്ലാ ബോയിംഗ് 747 വിമാനങ്ങളെയും പിൻവലിക്കുന്നതായി ബ്രിട്ടീഷ് എയർവേയ്സ് ഈ മാസം അറിയിച്ചിരുന്നു. ഓസ്ട്രേലിയൻ എയർലൈനായ ക്വാന്റസും 747 പിൻവലിക്കുന്നതായി അറിയിച്ചിരുന്നു.
1969 മുതൽ അഞ്ച് ദശാബ്ദം ആകാശത്ത് പ്രൗഢിയോടെ പറന്ന 747 ജംബോ ജെറ്റുകളുടെ ഉത്പാദനം 2022 ഓടെ പൂർണമായും നിറുത്തലാക്കും. ചരക്ക്, സൈനിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും 2022 വരെ 747 ജംബോ ജെറ്റുകളുടെ ഉത്പാദനം തുടരുക.