ന്യൂഡല്‍ഹി: കൃത്രിമ രേഖയുണ്ടാക്കി 6.76 കോടിയുടെ തട്ടിപ്പു നടത്തിയ നാല് നേവി ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് 16 പേര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം. ഐ.ടി ഹാർഡ് വെയറുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് ഐ.ടി ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ പേരില്‍ 6.76 കോടിയുടെ ബില്ലുകളാണ് പ്രതികള്‍ സമര്‍പ്പിച്ചത്.
ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ക്യാപ്റ്റന്‍ അതുല്‍ കുല്‍ക്കര്‍ണ്ണി, ക്യാപ്റ്റന്‍ മന്ദര്‍ ഗോഡ്‌ബോലെ, ആര്‍പി ശര്‍മ്മ, കുല്‍ദീപ് സിങ് ബാഗേല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
2016ലാണ് കേസിനാസ്പദമായ ഏഴ് വ്യാജ ബില്ലുകള്‍ സമര്‍പ്പിക്കപ്പെട്ടത്. ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളുടെ പണം ദുരുപയോഗം ചെയ്‌തെന്നും നാവിക സേനയുടെ മേലധികാരികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും സി.ബി.ഐ ആരോപിച്ചു.
ബില്ലില്‍ പറഞ്ഞിരിക്കുന്ന ഉപകരണങ്ങള്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബില്ലുകളുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും ധനവിനിയോഗത്തിന് അനുമതിയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.