കൊച്ചി: നികുതി അടയ്ക്കാതെ വാങ്ങിയ സ്വർണം സ്വയം വെളിപ്പെടുത്താൻ ജനങ്ങളെ അനുവദിക്കുന്ന 'ഗോൾഡ് ആംനെസ്‌റ്റി സ്‌കീം' പ്രഖ്യാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. കള്ളപ്പണം ഒളിപ്പിക്കാൻ നികുതിവെട്ടിച്ച് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയവരാണ് കേന്ദ്രത്തിന്റെ ഉന്നം.
നികുതി വകുപ്പിന് മുന്നിൽ 'കള്ള സ്വർണം" വെളിപ്പെടുത്തുന്നവർ നികുതിയും പിഴയും ഒടുക്കേണ്ടി വരും. വെളിപ്പെടുത്തിയ സ്വർണത്തിൽ ഒരുഭാഗം നിശ്ചിത വർഷത്തേക്ക് സർക്കാരിൽ നിക്ഷേപിക്കുകയും വേണം. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയശേഷമേ ആംനെസ്‌റ്റി പദ്ധതി നടപ്പാക്കൂ.
നീതി ആയോഗിന്റെ ശുപാർശ പ്രകാരം കഴിഞ്ഞ ഒക്‌ടോബറിലും സ്വർണ ആംനെസ്‌റ്റി നടപ്പാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിച്ചിരുന്നു. കള്ളപ്പണം പിടിക്കുന്നതിന് പുറമേ, സ്വർണം ഇറക്കുമതി കുത്തനെ കുറയ്ക്കുകയും കേന്ദ്ര ലക്ഷ്യമാണ്. ഇന്ത്യയുടെ ധനക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയിൽ മുഖ്യപങ്ക് വഹിക്കുന്നത് സ്വർണം ഇറക്കുമതിച്ചെലവാണ്.
കള്ളപ്പണ വേട്ടയും
മോദി സർക്കാരും
കള്ളപ്പണക്കാരെ പിടിക്കുമെന്ന് വാഗ്ദാനം ചെയ്‌താണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയത്. 2016ൽ നോട്ട് നിരോധനം നടപ്പാക്കിയെങ്കിലും കള്ളപ്പണവേട്ട ഫലം കണ്ടില്ല. സ്വർണ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കാൻ 2015ൽ ഗോൾഡ് ബോണ്ട്, സ്വർണം പണമാക്കൽ പദ്ധതികൾ കൊണ്ടുവന്നെങ്കിലും സ്വീകാര്യത കിട്ടിയില്ല.
25,000 ടൺ
ഇന്ത്യയിലെ വീടുകളിൽ 25,000 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ. 100 ലക്ഷം കോടി രൂപയ്ക്കുമേലാണ് ഇതിന്റെ മൂല്യം.
നടപ്പാക്കാൻ പ്രയാസം
ഗോൾഡ് ആംനെസ്‌റ്റി പദ്ധതി നടപ്പാക്കുക എളുപ്പമല്ല. കാരണങ്ങൾ:
കുടുംബങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച സ്വർണത്തിന് രേഖകളുണ്ടാവില്ല
സ്വർണത്തിന്റെ മൂല്യത്തിന്റെ മുക്കാലും നഷ്‌ടമാകുമെന്നതിനാൽ 'കള്ള സ്വർണം" വെളിപ്പെടുത്താൻ പലരും മടിക്കും