online-class

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈനിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനും ഉണ്ട്. ഇതെല്ലാം ചേർത്ത് ഏഴ് മണിക്കൂർ വരെ നീളുന്ന ഒരു ഓൺലൈൻ ക്ലാസ് കുട്ടികൾക്ക് പ്രശ്നമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക അസ്വാസ്ഥ്യം മാത്രമല്ല ഇത് കുട്ടിയിൽ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസക്കുറവ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ക്ലാസുകൾ പാടില്ല. പൊതുവിദ്യാലങ്ങൾ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നൽകുക. എല്ലാ ഓൺലൈൻ ക്ലാസും ലൈവായി നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരസ്‌പര ആശയവിനിമയത്തിന് അവസരം ഉണ്ടാകണം. ഒരു സെഷൻ അര മണിക്കൂറോളം ദൈർഘ്യമുള്ളതാകണം. സെഷനുകൾക്കിടയിൽ ഇടവേള വേണം. കുട്ടികളുടെ പ്രായം കണക്കിലെടുക്കണം. ഓൺലൈൻ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. അഞ്ച് മണിക്കൂർ വരെ നീളുന്ന തരത്തിൽ ഓൺലൈൻ ക്ലാസ് ഭാരമാകും.

രാവിലെയും, ഉച്ചയ്ക്ക് ശേഷവും എന്ന വിധത്തിൽ ഇടവേളയിട്ട് ക്ലാസ് നടത്തണം. ഗൃഹപാഠം, അസൈൻമെന്റ് എന്നിവ കുറച്ച് മാത്രമേ നൽകാവൂ. ഇപ്പോൾ കൊവിഡ് മഹാമാരി നീണ്ടുനിൽക്കുന്ന സാഹചര്യമാണ്. ഓൺലൈൻ പഠനരീതി എങ്ങനെ വേണം എന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം വേണം. അതിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.