ഇന്ത്യയിലെ ഭൂരിപക്ഷം സമൂഹങ്ങളെയും പോലെ പിതൃമേധാവിത്ത ചിന്താഗതി അടിസ്ഥാനമാക്കിയ ഒരു സാമൂഹിക ഘടന നിലനിൽക്കുന്ന ഒരു ഭാഷാ സമൂഹം തന്നെയാണ് കേരളത്തിന്റേതും. സ്ത്രീപക്ഷ, ഫെമിനിസ്റ്റ് ആശയങ്ങൾ ഈ പൊതുബോധത്തിൽ ഏറെയൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പെണ്ണിനെ രണ്ടാംകിടക്കാരിയാക്കുന്ന, അവളെ പുരുഷന് കീഴ്പ്പെട്ട് നിൽക്കേണ്ടവളായി കണക്കാക്കുന്ന ഈ പൊതുബോധം ഇനിയും നമ്മെ വിട്ടുപോയിട്ടില്ല എന്നതാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
പ്രണയം നിരസിക്കുമ്പോൾ, തന്റെ ശരീരത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമ്പോൾ, സ്വന്തം കാലിൽ നിൽക്കാൻ തീരുമാനമെടുക്കുമ്പോൾ, ലൈംഗികതയെ കുറിച്ച് അവൾ തുറന്നു സംസാരിക്കുമ്പോഴെല്ലാം പുരുഷൻ അസ്വസ്ഥനാകുന്നതും അവളെ ഇല്ലായ്മ ചെയ്യാൻ പോലും മുതിരുന്നതിന്റെയും പിന്നിലുള്ള യഥാർത്ഥ മനഃശാസ്ത്രം എന്തായിരിക്കാം? ഈ ചിന്താഗതിയുടെ ഒടുവിലത്തെ ഇരയാണ് അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ വച്ച് സ്വന്തം ഭർത്താവിനാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മെറിൻ ജോയി എന്ന യുവതി.
ജോലി ചെയ്തിരുന്ന ആശുപത്രിയിലെ പാർക്കിങ്ങ് സ്ഥലത്തുവച്ച് ഭർത്താവായ നെവിൻ(ഫിലിപ്പ് മാത്യു) മെറിനെ കത്തികൊണ്ട് കുത്തിയ ശേഷം ശരീരത്തിന് മുകളിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു എന്നതാണ് പൊലീസ് ഭാഷ്യം. മെറിന്റെ സുഹൃത്തുക്കൾ നോക്കി നിൽക്കവെയാണ് തന്റെ ഭാര്യയെ ഇയാൾ ഇത്തരത്തിൽ പൈശാചികമായി കൊലപ്പെടുത്തിയതെന്നും ഫ്ലോറിഡ പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മെറിന് തന്നെക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവുമുള്ളതാണ് നെവിനെ ഈ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന വസ്തുത ആരെയും ഞെട്ടിക്കുന്നതാണ്. ഈ അപകർഷതാബോധം നിമിത്തം ഭർത്താവ് തന്റെമേൽ ഏൽപ്പിക്കുന്ന പീഡനങ്ങളിൽ നിന്നും അകന്ന് കുഞ്ഞിനൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാനായി ഇരിക്കുകയായിരുന്നു മെറിൻ. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
ആരോ അയച്ച ഫോൺ സന്ദേശം കണ്ടുകൊണ്ട് സ്വന്തം ഭാര്യയെ സംശയിക്കുകയും മേൽപ്പറഞ്ഞ സംഭവത്തോട് സമാനമായി അവരെ കൊലപ്പെടുത്തുകയും ചെയ്ത മലയാളി ഭർത്താവിനെ അടുത്തിടെയാണ് ദുബായ് കോടതി ജീവപര്യന്തം തടവിനും നാടുകടത്തലിനും ശിക്ഷിച്ചത്. ഇത്തരം സംഭവങ്ങളിൽ തന്റെ ഈഗോ കൊണ്ടുമാത്രം സ്ത്രീയെ ഇല്ലായ്മ ചെയ്യുന്ന പുരുഷനെയാണ് കാണാനാകുക. ഭാര്യ സ്വന്തം ശമ്പളം കൊണ്ട് കുടുംബം പുലർത്തുന്നതോ, സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതോ ഇത്തരം പുരുഷന്മാർക്ക് ചിന്തിക്കാവുന്ന കാര്യങ്ങളല്ല.
തന്റെ ഭാര്യ മറ്റ് പുരുഷന്മാരോട് സംസാരിക്കുകയോ നോക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്ന ഇത്തരക്കാർക്ക് പക്ഷെ ഇത്തരം നിയമങ്ങൾ ഒന്നും ബാധകമല്ല താനും. നിയമങ്ങൾ പെണ്ണിന് മാത്രം ബാധകമാകുമ്പോഴാണ് ഇത്തരം ക്രൂര സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. മെറിന്റെ 'സ്വഭാവശുദ്ധി' അളന്നുകൊണ്ട് മരണവാർത്തയ്ക്ക് കീഴിലായി വന്ന കമന്റുകളും ഈ ഭയപ്പെടുന്ന പുരുഷബോധത്തെക്കുറിച്ച് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
കരുത്തുള്ള, സ്വന്തം കാലിൽ ജീവിക്കാൻ ആർജവം കാട്ടുന്ന, തന്റെ ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന സ്ത്രീയെ ബഹുമാനിക്കാനും അത് അംഗീകരിക്കാനും മലയാളി പുരുഷൻ ഇനി എന്നാണു തയ്യാറാകുക? വിഷലിപ്തമായ പുരുഷബോധം കൊണ്ട് സ്ത്രീകളോട് മാത്രമല്ല, താൻ തന്നോട് കൂടിയാണ് ദ്രോഹം ചെയ്യുന്നതെന്ന് അവൻ മനസിലാക്കേണ്ടതാണ്. സമൂഹത്തിന്റെ ഇത്തരം വിഷം നിറഞ്ഞ ബോദ്ധ്യങ്ങളിലും മാറ്റം വരേണ്ടതുണ്ട്.
സമൂഹത്തിൽ എല്ലാവർക്കും തുല്യ അവകാശങ്ങൾ തന്നെയാണ് ഉള്ളതെന്നും തനിക്ക് മാത്രമായി പ്രത്യേക പ്രത്യേക ആനുകൂല്യങ്ങളൊന്നും(പ്രിവിലേജ്) ഇല്ലെന്നുള്ള ചിന്ത അവനുണ്ടാകാൻ ഇനിയും വൈകാൻ പാടില്ല. സ്വന്തം ഈഗോയിലേക്ക് ചുരുങ്ങുന്ന, സ്ത്രീപക്ഷ ആശയങ്ങളെയും, ഫെമിനിസ്റ്റ് ചിന്തകളെയും പുച്ഛിച്ചുതള്ളുന്ന മലയാളി പുരുഷൻ ഇനിയും മാറി ചിന്തിച്ചില്ലെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുക. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് പുതിയ കാലത്തെ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ്. അവിടെ, പിന്തിരിപ്പൻ ചിന്തകൾക്ക് സ്ഥാനമില്ലെന്ന ബോദ്ധ്യമാണ് ഉണ്ടാകേണ്ടത്.