-helicopter

ഫ്ളോറിഡ: ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള നാസയുടെ പര്യവേഷണ റോവർ പെർസിവെറൻസിന്റെ വിക്ഷേപണം വിജയം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 5.20ന് ഫ്ളോറിഡയിലെ കേപ്പ് കനാവറൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി 541 റോക്കറ്റിലായിരുന്നു വിക്ഷേപണം. റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങിയ പേടകത്തിൽ നിന്ന് നാസയ്‌ക്ക് സിഗ്നലുകൾ കിട്ടിത്തുടങ്ങി.

ഒരു കാറിന്റെ വലിപ്പമുള്ള പെഴ്സിവറൻസ് റോവറും അതിൽ ഇൻജെനുവിറ്റി എന്ന ചെറിയ 'ഹെലികോപ്ടറും' ആണ് അയച്ചത്. റോവർ ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. കോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് വിവരങ്ങൾ ശേഖരിക്കും. ദൗത്യം വിജയിച്ചാൽ മറൊരു ഗ്രഹത്തിൽ പറക്കുന്ന ആദ്യ എയർക്രാഫ്റ്റ് ഇതായിരിക്കും.

ആണവോർജ്ജത്തിലായിരിക്കും റോവർ ചൊവ്വയിൽ പ്രവർത്തിക്കുന്നത്. ഇതിനായി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഒരു മിനി പ്ലൂട്ടോണിയം റിയാക്ടർ തന്നെ റോവറിൽ ഉണ്ട്.
ചൊവ്വയിൽ ജീവൻ നിലനിറുത്താനുള്ള സാദ്ധ്യതയ്‌ക്കൊപ്പം ചൊവ്വയിൽ ഭൂതകാലത്തിൽ നിലനിന്ന ജീവന്റെ തെളിവുകൾ കണ്ടെത്തുന്നതും ലക്ഷ്യമാണ്. പ്രപഞ്ച ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ചൊവ്വയിൽ ജീവന് നിലനിൽക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നതായി നാസ അഡമിനിസ്‌ട്രേറ്റർ ജിം ബ്രൈഡെൻസ്റ്റൈൻ പറഞ്ഞു.

2031ൽ ചൊവ്വയിലെ മണ്ണിന്റെയും പാറയുടെയും സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ദൗത്യത്തിന് മുന്നോടിയാണ് പെർസിവറൻസ് വിക്ഷേപണം. അന്ന് ചൊവ്വയിൽ ഇറങ്ങുന്ന പേടകം സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലേക്ക് വരും.

യു.എ.ഇയുടേയും ചൈനയുടേയും ചൊവ്വാ ദൗത്യങ്ങൾ ഈ മാസം വിക്ഷേപിച്ചിരുന്നു.

പെർസെവെറൻസ്

 യാത്ര ആറരമാസം

 ദൂരം 49 കോടി കിലോമീറ്റർ

ചൊവ്വയിൽ ലാൻഡിംഗ് 2021 ഫെബ്രുവരി 18ന്

 ഇറങ്ങുന്ന സ്ഥലം ജസീറോ ഗർത്തം

 ദൗത്യകാലം ഒരു ചൊവ്വാ വർഷം ( ഭൂമിയിലെ 687 ദിവസം )​

റോവറിന്റെ പരീക്ഷണങ്ങൾ

 ചൊവ്വയിലെ കാഴ്ചകളും ശബ്ദങ്ങളും ഒപ്പിയെടുക്കാൻ കാമറകളും മൈക്രോഫോണുകളും

ജീവന്റെ സാന്നിദ്ധ്യം, ജീവിക്കാൻ കൃത്രിമ സൗകര്യം ഒരുക്കൽ ചൊവ്വയുടെ ഉപരിതലം കാലാവസ്ഥ എന്നിവയുടെ പഠനം

അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ വേർതിരിക്കാനുള്ള ഉപകരണം

മണ്ണിന്റെയും പാറയുടെയും സാമ്പിളുകൾ ശേഖരിക്കാൻ ഡ്രിൽ