
ടൂറിൻ : തുടർച്ചയായ ഒൻപതാം തവണയും ഇറ്റാലിയൻ സെരി എ കിരീടം നേടിയതിന്റെ അലയൊലികൾ അടങ്ങും മുന്നേ യുവന്റസിന് തോൽവി. കഴിഞ്ഞ രാത്രി നടന്ന സെരി എ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കാഗ്ളിയറിയാണ് ചാമ്പ്യന്മാരുടെ ചങ്ക് കലക്കിവിട്ടത്.ഇതിനുമുമ്പ് നടന്ന മത്സരത്തിൽ സാംപഡോറിയയെ 2-0ത്തിന് തോൽപ്പിച്ചാണ് യുവന്റസ് കിരീടം ഉറപ്പിച്ചിരുന്നത്. ഇൗ സീസണിൽ ഒരു മത്സരം കൂടിയാണ് യുവന്റസിന് ശേഷിക്കുന്നത്.
പന്തടക്കത്തിലും കളി നിയന്ത്രണത്തിലും ബഹുദൂരം മുന്നിൽ നിന്നിരുന്നത് യുവന്റസ് ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ ഗോളടിച്ചത് കാഗ്ളിയറിയായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ അവർ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.എട്ടാം മിനിട്ടിൽ ഗഗ്ളിയാനോയാണ് ആദ്യ ഗോൾ നേടിയത്. 45-ാം മിനിട്ടിൽ സിമോണെ രണ്ടാം ഗോളും നേടി.
യുവന്റസ് പ്രതിരോധത്തിൽ റുഗാനിക്കും ക്വാർഡാഡോയ്ക്കും പറ്റിയ പിഴവാണ് ആദ്യ ഗോളിന് വഴിതുറന്നത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും റഫറി ഒാഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ അവസാനസമയത്ത് പന്തുമായി മദ്ധ്യ നിരയിൽ നിന്നുവന്ന സിമോണെയെ തടുക്കുന്നതിൽ ബൊനൂച്ചി കാട്ടിയ അലസതയാണ് രണ്ടാം ഗോളിന് വഴിവച്ചത്. 25 വാര അകലെ നിന്ന് സിമോണെ വല ലക്ഷ്യമാക്കി തൊടുക്കുമെന്ന് ബൊനൂച്ചി കരുതിയിരുന്നില്ല. എന്നാൽ സിമോണെയുടെ ലോംഗ് റേഞ്ചർ വിഖ്യാത ഗോളി ബഫണിനെയും കടന്ന് വലകുലുക്കുകയായിരുന്നു.
ഇതോടെ യുവന്റസിന് 37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് 79 പോയിന്റാണുള്ളത്. നാളെ രാത്രി എ.എസ് റോമയുമായാണ് യുവന്റസിന്റെ അടുത്ത മത്സരം.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ എ.സി മിലാൻ ഒന്നിനെതിരെ നാലുഗോളുകൾക്ക് സാംപഡോറിയയെ തോൽപ്പിച്ചു.എ.സി മിലാന് വേണ്ടി വെറ്ററൻ സ്ട്രൈക്കർ സ്ളാട്ടൺ ഇബ്രാഹിമോവിച്ച് രണ്ട് ഗോളുകൾ നേടി. കലാനോഗ്ളുവും റാഫേൽ ലിയോയും ഒാരോ ഗോളടിച്ചു. മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ 2-0ത്തിന് നാപ്പോളിയെയും ഫിയോറന്റീന 4-0ത്തിന് ബൊളോഞ്ഞയെയും റോമ 3-2ന് ടൂറിനോയെയും തോൽപ്പിച്ചു.
കഴിഞ്ഞ എട്ടു സീസണിലും ചാമ്പ്യൻപട്ടം ഉറപ്പിച്ചശേഷം യുവന്റസിന് തോൽക്കേണ്ടിവന്നിരുന്നില്ല. ഇത്തവണ അതും സംഭവിച്ചു.
കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുവന്റസിന് ജയിക്കാനായത്.മൂന്നാമത്തെ തോൽവിയാണ് കാഗ്ളിയറിയോട് വഴങ്ങിയത്. രണ്ട് കളികൾ സമനിലയിലുമായി.
ഇക്കുറി യൂറോപ്പിലെ ടോപ് സകോറർക്കുള്ള പുരസ്കാരം സ്വന്തമാക്കണമെങ്കിൽ ക്രിസ്റ്റ്യാനോ നാളെ റോമയ്ക്ക് എതിരെ അഞ്ചുഗോളെങ്കിലും നേടണം. ഇപ്പോൾ 31 ഗോളുകളാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. 35 ഗോളുകളുള്ള സെരി എ ക്ളബ് ലാസിയോയുടെ തന്നെ സിറോ ഇമ്മൊബൈലാണ് ഒന്നാം സ്ഥാനത്ത്.